താരപുത്രൻ എന്നതിലുപരി ലളിതമായ ജീവിതം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രണവ് മോഹൻലാൽ. യാത്രകളെ സ്നേഹിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ഇടംനേടാറുണ്ട്. ഒരു അഭിമുഖത്തിൽ, മകനെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. ബറോസിന്റെ പ്രമോഷന്റെ ഭാഗമായി നടി സുഹാസിനിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
പ്രണവിന് അവന്റേതായ ജീവിതമുണ്ടെന്നും അതിലൊന്നും താൻ ഇടപെടാറില്ലെന്നും മോഹൻലാൽ പറഞ്ഞു. “സിനിമകൾ ചെയ്യണം, യാത്രകൾ പോകണം അതൊക്കെയാണ് അവന്റെ ജീവിതം. അതിലൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നങ്ങളുമില്ല. അവൻ ജീവിതം നന്നായി ആസ്വദിക്കട്ടെ. ഡിഗ്രി പൂർത്തിയാക്കിയ ശേഷം എന്ത് വേണമെങ്കിലും ചെയ്തോളൂ എന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. എന്റെ അച്ഛനും എന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഞാൻ ഡിഗ്രി കഴിഞ്ഞാണ് സിനിമയിലേക്ക് വരുന്നത്”.
“ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ ബെസ്റ്റ് ആക്ടറായിരുന്നു ഞാൻ. പ്രണവും അങ്ങനെ തന്നെയായിരുന്നു. അവൻ സിനിമകൾ ചെയ്യുന്നുണ്ട്. അവന്റെ ഇഷ്ടത്തിന് ജീവിക്കട്ടെയെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. നമ്മൾ എന്തിന് അവരെ നിയന്ത്രിക്കണം. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. എല്ലാവർക്കും ഓരോ ഫിലോസഫിയുണ്ട്. സിനിമയെല്ലാം ഉപേക്ഷിച്ച് ലോകമെമ്പാടും ചുറ്റണമെന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. പക്ഷേ, എനിക്ക് അതിന് സാധിച്ചില്ല. എന്റെ സ്വപ്നമാണ് പ്രണവ് നിറവേറ്റിക്കൊണ്ടിരിക്കുന്നതെന്നും” മോഹൻലാൽ പറഞ്ഞു.