തൃശൂർ; പാലയൂർ സെന്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ തടഞ്ഞ സംഭവത്തിൽ പൊലീസിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ ചാവക്കാട് എസ്‌ഐ അവധിയിൽ പ്രവേശിച്ചു. പുലർച്ചെ പള്ളിയിൽ നടത്താനിരുന്ന ക്രിസ്മസ് ആഘോഷ പരിപാടികൾക്ക് എസ്‌ഐ ആയ വിജിത്ത് കെ വിജയൻ ആണ് അനുമതി നിഷേധിച്ചത്.
പള്ളി കോമ്പൗണ്ടിന് പുറത്ത് പരിപാടി നടത്താൻ മൈക് സാങ്ഷൻ എടുത്തില്ല എന്ന കാരണം പറഞ്ഞായിരുന്നു പൊലീസിന്റെ നടപടി. കാരൾ ഗാനം ഉൾപ്പെടെ നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് പള്ളിമുറ്റത്തെ നക്ഷത്രങ്ങൾ ഉൾപ്പെടെ തൂക്കിയെറിയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭാരവാഹികൾ പറഞ്ഞു.
കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ പള്ളിക്കമ്മിറ്റിക്കാർ ബന്ധപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി ഉടൻ തന്നെ എസ്‌ഐയ്‌ക്ക് ഫോൺ നൽകാൻ പറഞ്ഞെങ്കിലും സംസാരിക്കാൻ എസ്‌ഐ കൂട്ടാക്കിയില്ല. സീറോ മലബാർ സഭ അദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പള്ളിയിൽ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു പൊലീസിന്റെ നീക്കം. സംഭവത്തിൽ പരാതി നൽകുമെന്ന് പള്ളി ട്രസ്റ്റി അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ വ്യാപക വിമർശനമാണ് പൊലീസിനെതിരെ ഉയർന്നത്. വകുപ്പുതല നടപടി മുന്നിൽ കണ്ടാണ് എസ്‌ഐ അവധിയിൽ പ്രവേശിച്ചതെന്നാണ് റിപ്പോർട്ടുകൾ.