പഴങ്ങൾ എപ്പോഴും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ ഭാഗമാണ്. വണ്ണം കുറയ്‌ക്കാനാണ് പലരും പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ചെറുപ്രായത്തിലേ രോഗങ്ങളുട പിടിയിൽ പെടേണ്ടെങ്കിൽ വണ്ണമുള്ളവരും ഇല്ലാത്തവരും ഒരുപോലെ പഴങ്ങൾ കഴിക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്. ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ, അവശ്യ ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് പഴങ്ങൾ.
പലപ്പോഴും ജീവിത ശൈലീ രോഗങ്ങളാണ് യുവാക്കളിലെ അകാല മരണങ്ങളിലേക്ക് നയിക്കുന്നത്. എന്നാൽ ആപ്പിൾ, അവക്കാഡോ, ഓറഞ്ച് തുടങ്ങിയ ഫലങ്ങൾക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണ്. ഇവ രോഗകാരികളെ ചെറുത്ത് ശരീരത്തിനെ ആരോഗ്യപൂർണമായി നിലനിർത്തും. ആഴ്ചയിൽ മൂന്നോ നാലോ ആപ്പിൾ കഴിക്കുന്നത് ഇത്തരം രോഗങ്ങൾ മൂലമുള്ള അകാല മരണത്തിനുള്ള സാധ്യത 39% വരെ കുറയ്‌ക്കുമെന്നാണ് ഫ്രോണ്ടിയേഴ്‌സ് ഓഫ് ന്യുട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. രോഗങ്ങളെ അകറ്റി നിർത്തി ശരീരത്തിനാവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്ന പഴങ്ങൾ ഇവയാണ്:-
ആപ്പിൾ
ആപ്പിളിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട് . ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ സാധ്യത കുറയ്‌ക്കാനും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.
ഓറഞ്ച്
വിറ്റാമിൻ സി യുടെ കലവറയാണ് ഈ പഴം. ഇവ രോഗപ്രതിരോധത്തിനും സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത കുറയ്‌ക്കും. ഹൃദയാരോഗ്യം മെച്ചപ്പെടനും ഓറഞ്ച് കഴിക്കുന്നത് ശീലമാക്കാം.
മാതളം
ഇവ രക്തസമ്മർദം കുറയ്‌ക്കാനും വീക്കം കുറയ്‌ക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കും. ഉയർന്ന കൊളസ്‌ട്രോളിന്റെ അറവ് കുറയ്‌ക്കാൻ മാതള ജ്യൂസ് നല്ലതാണ്.
വാഴപ്പഴം
വാഴപ്പഴത്തിൽ നാരുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദം നിയന്ത്രിക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കും. ഒപ്പം ദഹനത്തെയും മെച്ചപ്പെടുത്തും. വാഴപ്പഴം കഴിക്കുന്നത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും.
അവക്കാഡോ
അവക്കാഡോയിൽ നാരുകൾ, വിറ്റാമിനുകൾ,ആന്റി ഓക്‌സിഡന്റുകൾ ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊളസ്‌ട്രോൾ കുറയ്‌ക്കാൻ സഹായിക്കും. ഹൃദ്‌രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം എന്നിവ ഒഴിവാക്കാൻ അവക്കാഡോ കഴിക്കാം.
മുന്തിരി
മുന്തിരിയിൽ അടങ്ങിയിട്ടുള്ള റെസ്‌വെറാട്രോൾ യുവത്വം നിലനിർത്തും. സ്ഥിരമായി മുന്തിരി കഴിക്കുന്നത് ഹൃദ്‌രോഗം, ചില അർബുദങ്ങൾ, ബുദ്ധിമാന്ദ്യം എന്നിവയെ പ്രതിരോധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.