മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യദിനം ഓസീസ് അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റസുമായി കൊമ്പുകോർത്ത് പണിമേടിച്ച വിരാട് കോലിയെ പരിഹസിച്ച് ഓസ്‌ട്രേലിയൻ മാദ്ധ്യമങ്ങൾ. സംഭവത്തിൽ കളത്തിനകത്തും പുറത്തും കോലിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. മാച്ച് ഫീയുടെ 20 ശതമാനം പിഴ നൽകി റഫറി പ്രശ്‌നം അവസാനിപ്പിച്ചെങ്കിലും ഓസീസ് മാദ്ധ്യമങ്ങൾ അടങ്ങിയിരുന്നില്ല.
സംഭവം സോഷ്യൽ മീഡിയയിലും വൈറലായതോടെ കോലിയെ ഒരു കളിയിൽ നിന്നെങ്കിലും വിലക്കാമായിരുന്നുവെന്നാണ് ഓസ്‌ട്രേലിയൻ മാദ്ധ്യമങ്ങൾ പറയുന്നത്. വെള്ളിയാഴ്ചത്തെ പത്രങ്ങൾ കോലിയെ കോമാളിയെന്ന് വിളിക്കുകയും അപമാനിക്കുകയും ചെയ്തു. ‘ദി വെസ്റ്റ് ഓസ്‌ട്രേലിയൻ’ എന്ന പത്രമാണ് ‘ക്ലൗൺ കോലി’ എന്ന തലക്കെട്ടോടെ സ്പോർട്സ് പേജ് പ്രസിദ്ധീകരിച്ചത്. കോലിയെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച പത്രം ഇന്ത്യക്കാരനായ ഭീരുവെന്നുപോലും താരത്തെ വിളിച്ചു.
ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ ഓവർ പൂർത്തിയാക്കിയ ശേഷം താരങ്ങൾ ക്രോസ് ചെയ്യുന്നതിനിടെയായിരുന്നു കോലിയും അരങ്ങേറ്റ താരം സാം കോൺസ്റ്റസും തമ്മിലുള്ള വഴക്ക്. പിച്ചിന് എതിർവശത്തേക്ക് നടക്കുകയായിരുന്ന സാം കോൺസ്റ്റസിനെ കോലി ബോധപൂർവം ചുമലിൽ ഇടിച്ചു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. പിന്നാലെ അമ്പയർമാർ ഇടപെട്ട് പ്രശനം പരിഹരിക്കുകയായിരുന്നു.
ഇതിന് മുൻപ് മെൽബൺ വിമാനത്താവളത്തിലും കോലിയും ഓസ്‌ട്രേലിയൻ റിപ്പോർട്ടർമാരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. കുടുംബത്തോടൊപ്പം വിമാനത്താവളത്തിന് പുറത്തേക്ക് കടക്കുമ്പോൾ മാദ്ധ്യമങ്ങൾ കുട്ടികളുടെ ചിത്രങ്ങൾ പകർത്തിയതാണ് താരത്തെ ചൊടിപ്പിച്ചത്.