ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായി പുറത്തെത്തിയ ചിത്രം മാർക്കോയിൽ നിർണായക വേഷത്തിലെത്തിയത് നിർമാതാവിന്റെ മക്കൾ. നിർമാതാവ് ഷെരീഫ് മുഹമ്മദിന്റെ മക്കളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. നായകൻ മാർക്കോയുടെ കുടുംബത്തിലെ രണ്ട് കുട്ടികളുടെ വേഷത്തിലാണ് ഇരുവരും എത്തിയത്.
ചിത്രത്തിലെ ആക്ഷൻ രംഗത്തിനായി മക്കൾ നടത്തുന്ന തയാറെടുപ്പിന്റെ വീഡിയോ ഷെരീഫ് മുഹമ്മദ് സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘എന്റെ രാജകുമാരി സിനിമയിലേക്ക് ആദ്യ ചുവടുവയ്‌ക്കുന്നു’ എന്നാണ് മകളെ പരിചയപ്പെടുത്തികൊണ്ട് ഷെരീഫ് മുഹമ്മദ് കുറിച്ചത്. ചിത്രത്തിലെ കുട്ടികളുടെ പ്രകടനം പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു.
എ സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രമായിട്ട് പോലും കുടുംബപ്രേക്ഷകരും മാർക്കോയെ ഇരുംകയ്യും നീട്ടി സ്വീകരിക്കുകയാണ്. കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
ഹോളിവുഡ് രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിന്റെ സംഘട്ടനങ്ങൾ ഒരുക്കിയത്, പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സ്റ്റണാണ്.