ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി.എസ് സുനിൽ കുമാർ തൃശൂരിൽ തോറ്റതിന് കാരണം തൃശൂർ മേയറാണെന്ന് പറയുന്നത് ബാലിശമാണെന്ന് കെ സുരേന്ദ്രൻ. തൃശൂരിൽ ബിജെപി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത് എല്ലാവരുടെയും പിന്തുണയോടെയാണ്. സുരേഷ് ഗോപിക്ക് വ്യാപകമായ പിന്തുണ പൊതുസമൂഹത്തിൽ നിന്ന് കിട്ടിയിട്ടുണ്ട്. സുരേഷ് ഗോപിക്ക് മാത്രമല്ല മത്സരിച്ച പല നേതാക്കൾക്കും വലിയ തോതിൽ പിന്തുണ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് വിഹിതം 20 ശതമാനത്തിലേക്ക് എത്തിയതെന്നും കെ സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു.
തൃശൂർ മേയർ എം.കെ. വർഗീസിന് ക്രിസ്മസ് ദിനത്തിൽ ആശംസ കൈമാറിയതിനെയും കേക്ക് നൽകിയതിനെയും മുൻ മന്ത്രിയും സിപിഐ നേതാവുമായ സുനിൽ കുമാർ വിമർശിച്ചിരുന്നു. ഇക്കാര്യം പരാമർശിച്ചായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകൾ. രാഷ്‌ട്രീയം ചർച്ച ചെയ്യാൻ ക്രിസ്മസിനെ എന്തിനാണ് ഉപയോഗിക്കുന്നത്. തൃശൂർ മേയറോട് രാഷ്‌ട്രീയം ചർച്ച ചെയ്യണമെങ്കിൽ പത്രക്കാരെ വിളിച്ചുവരുത്തിയിട്ടാണോ പോകുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. പറയുന്നതിൽ ഒരു ലോജിക് വേണം. അത് സുനിൽ കുമാർ മനസിലാക്കണം. രാഷ്‌ട്രീയക്കാർ തമ്മിൽ പരസ്പരം കാണില്ലേ, സംസാരിക്കില്ലേ, കേരളത്തിൽ മാത്രമേ ഇതൊക്കെ ചർച്ചയാകൂവെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
സുനിൽ കുമാർ തൃശൂരിലല്ലേ കഴിയുന്നത്. നല്ല ശതമാനം ക്രൈസ്തവർ ഉള്ള സ്ഥലമാണ്. ഒരു ക്രിസ്മസ് ആശംസ സുനിൽ കുമാർ നേർന്നിട്ടുണ്ടോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ഏതെങ്കിലും ഒരു ക്രിസ്ത്യാനിയുടെ വീട്ടിൽ പോയി ഒരു കേക്ക് കൊടുത്തിട്ടുണ്ടോ? ഒരു ആശംസ കൈമാറിയിട്ടുണ്ടോ? ഞങ്ങൾ ഒരു നല്ല കാര്യം ചെയ്തതിനെ എന്തിനാണ് വിമർശിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. പാലയൂർ പള്ളിയിൽ കരോൾ തടഞ്ഞ പൊലീസിനെതിരെ സുനിൽ കുമാർ എന്തെങ്കിലും പറഞ്ഞോയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചോദിച്ചു. വളരെ മോശമായ ഒരു പ്രതികരണമാണ് നടത്തിയത്. അതിൽ നിന്ന് അദ്ദേഹത്തിന് പിന്നോട്ട് പോകേണ്ടി വന്നത് പൊതുസമൂഹം അത് അംഗീകരിക്കുന്നില്ല എന്നുള്ളതുകൊണ്ടാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സുനിൽ കുമാറിന്റെ പരാജയത്തിന്റെ കാരണങ്ങൾ എന്താണെന്ന് പരിശോധിച്ച് അത് തിരുത്തുന്നതിന് പകരം മേയറെ കുറ്റപ്പെടുത്തുന്നത് ബാലിശമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പക്വതയുള്ള രാഷ്‌ട്രീയ പ്രവർത്തകനിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രതികരണമായിരുന്നില്ല സുനിൽ കുമാർ നടത്തിയത്. വ്യക്തിപരമായി ആളുകളെ കാണുന്നതിനെയും സൗഹൃദം പുതുക്കുന്നതിനെയും ഒന്നും ഇങ്ങനെ വ്യാഖ്യാനിക്കേണ്ടതില്ല.
രാജ്യത്ത് പൊതുപ്രവർത്തകർ കാണുകയും ആശയവിനിമയും നടത്തുകയും ചെയ്യുന്നത് കേരളത്തിൽ മാത്രം എന്തോ വെറുക്കപ്പെട്ട കാര്യമായിട്ടാണ് കാണുന്നത്. അതിൽ മാദ്ധ്യമങ്ങൾക്കും ദുഷ്ടലാക്കുണ്ട്. രാഷ്‌ട്രീയമാറ്റം അങ്ങനെയല്ല ഉണ്ടാകുന്നത്. തൃശൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയമാറ്റം ഉണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിൽ അതിന്റെ പതിൻമടങ്ങായി വർദ്ധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലും അത് ആവർത്തിക്കും. ഇപി ജയരാജന്റെ വീട്ടിൽ പ്രകാശ് ജാവദേക്കർ പോയതിന്റെ പേരിൽ വിവാദമുണ്ടാക്കി. പക്ഷെ മറ്റ് ഏതെങ്കിലും സംസ്ഥാനങ്ങളിൽ അങ്ങനൊരു സംഭവത്തിന്റെ പേരിൽ നടപടിയെടുക്കുമോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. രാഷ്‌ട്രീയ അസ്പൃശ്യതയാണ് കേരളത്തിന്റെ ശാപമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്താവന വിവാദമായതോടെ സിപിഐ ജില്ലാ നേതൃത്വം ഉൾപ്പെടെ സുനിൽ കുമാറിനെ തള്ളി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദത്തിൽ നിന്ന് പിന്തിരിയുകയാണെന്നും സുനിൽ കുമാർ വ്യക്തമാക്കിയത്.















