ന്യൂഡൽഹി: ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ കേന്ദ്രസർക്കാരിനെതിരെ ഉന്നയിക്കുന്നത് ബാലിശമായ വിചിത്രവാദങ്ങൾ. എഐസിസി മീഡിയ വിഭാഗം ചെയർമാൻ പവൻ ഖേര സമൂഹമാദ്ധ്യമങ്ങളിൽ നിരത്തിയ കുറ്റങ്ങളിൽ പലതിലും ഒളിഞ്ഞിരിക്കുന്നത് രാഷ്‌ട്രീയമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.
ഡോ. മൻമോഹൻ സിംഗിന്റെ കുടുംബത്തിന് മൂന്ന് കസേരകൾ മാത്രമാണ് മുൻനിരയിൽ ഇട്ടതെന്നാണ് കോൺഗ്രസിന്റെ ഒരു ആരോപണം. മറ്റ് കുടുംബാംഗങ്ങൾക്ക് ഇരിപ്പിടം ഉറപ്പാക്കാനായി കോൺഗ്രസ് നേതാക്കൾ പരക്കം പായുകയായിരുന്നുവെന്നാണ് പവൻ ഖേര പറയുന്നത്. എന്നാൽ സംസ്‌കാര ചടങ്ങിന്റെ ലൈവ് ദൃശ്യങ്ങളിലൊന്നും ഇത്തരത്തിലൊരു ആശയക്കുഴപ്പം സ്ഥലത്ത് ഉണ്ടായതായി കാണുന്നില്ല.
ദൂരദർശന് മാത്രമാണ് സംസ്‌കാര ചടങ്ങുകളുടെ സംപ്രേഷണത്തിന് അനുമതി നൽകിയത്. ദൂരദർശനിൽ കൂടുതലും മോദിയെയും അമിത് ഷായെയുമാണ് കാണിച്ചത്. മൻമോഹൻ സിംഗിന്റെ കുടുംബത്തെ കാണിക്കുന്നത് കുറവായിരുന്നുവെന്നാണ് മറ്റൊരു ആരോപണം. ചിതയ്‌ക്ക് ചുറ്റും സൈനികർ നിന്നതിനാൽ കുടുംബാംഗങ്ങൾക്ക് നിൽക്കാനും കൊച്ചുമക്കൾക്ക് ചിതയ്‌ക്ക് സമീപത്തേക്ക് എത്താനും ബുദ്ധിമുട്ടിയെന്നും പവൻ ഖേര ആരോപിക്കുന്നു. അവസാന സല്യൂട്ടിന്റെ ഭാഗമായി ആചാരവെടി മുഴക്കാനാണ് സൈന്യം ചിതയ്‌ക്ക് സമീപം നിലയുറപ്പിച്ചിരുന്നത്. സൈന്യത്തിന്റെ അച്ചടക്കത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് കോൺഗ്രസിന്റെ ഈ ആരോപണം.
സംസ്‌കാരം നടന്ന നിഗംബോധ് ഘട്ടിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചില്ലെന്നാണ് അടുത്ത ആരോപണം. പുറത്ത് നിന്ന് ചടങ്ങുകൾ കാണാൻ അവർ നിർബന്ധിതരായി എന്നാണ് ആരോപിക്കുന്നത്. വിദേശരാജ്യങ്ങളുടെ പ്രതിനിധികളും പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ പങ്കെടുക്കുന്ന ഇത്തരം പരിപാടികളിൽ പൊതുജനങ്ങൾക്ക് സുരക്ഷാ പ്രോട്ടോകോൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ സ്വാഭാവികമാണ്. പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഡോ. മൻമോഹൻ സിംഗിന്റെ വസതിയിലും എഐസിസി ആസ്ഥാനത്തും നേരത്തെ ഭൗതികദേഹം പൊതുദർശനത്തിന് വയ്‌ക്കുകയും ചെയ്തിരുന്നു.
ചടങ്ങിൽ പങ്കെടുത്ത വിദേശരാജ്യ പ്രതിനിധികൾ എവിടെയെങ്കിലും ഇരിക്കുകയായിരുന്നുവെന്നും അവരെ വേണ്ടത്ര പരിഗണിച്ചില്ലെന്നുമാണ് മറ്റൊരു ആരോപണം. ഡോ. മൻമോഹൻ സിംഗിന്റെ വിധവയ്‌ക്ക് ദേശീയപതാക സൈന്യം കൈമാറിയപ്പോൾ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ലെന്നും പവൻ ഖേര ആരോപിക്കുന്നു. വിലാപയാത്രയെ അമിത് ഷായുടെ വാഹന വ്യൂഹം തടസപ്പെടുത്തിയെന്നാണ് മറ്റൊരു ആരോപണം. മൻമോഹൻ സിംഗിന്റെ കുടുംബാംഗങ്ങൾക്ക് വാഹനം പുറത്തിടേണ്ടി വന്നു. ഇവരെ പിന്നീട് തെരഞ്ഞ് കണ്ടുപിടിച്ചു തിരിച്ചുകൊണ്ടുവരികയായിരുന്നുവെന്നും പവൻ ഖേര വീഴ്ചകളുടെ കണക്കിൽ പറയുന്നു. സംസ്‌കാര ചടങ്ങിന്റെ സംഘാടനം മൊത്തത്തിൽ മോശമായിരുന്നുവെന്നാണ് മറ്റൊരു കണ്ടുപിടിത്തം.
സമീപകാലത്ത് ഡൽഹിയിൽ ഒരു രാഷ്‌ട്രീയ നേതാവിന് ലഭിച്ച ഏറ്റവും ഉചിതമായ ഔദ്യോഗിക ബഹുമതികളോടെയുള്ള യാത്രയയപ്പ് ആണ് ഡോ. മൻമോഹൻ സിംഗിന് എൻഡിഎ സർക്കാർ നൽകിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചടങ്ങുകൾ നടന്ന നിഗംബോധ് ഘട്ടിൽ തുടക്കം മുതൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭയിലെ പ്രധാന അംഗങ്ങളും എല്ലാത്തിനും മേൽനോട്ടം വഹിച്ച് ആദ്യാവസാനം ഉണ്ടായിരുന്നു. കോൺഗ്രസ് ഭരണകാലത്ത് പോലും ഇത്തരത്തിൽ ഒരു പ്രതിപക്ഷ രാഷ്‌ട്രീയ നേതാവിന് ആദരവോടുകൂടിയ യാത്രയയപ്പ് നൽകിയിട്ടില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ തന്നെ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടയിലാണ് രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള കോൺഗ്രസിന്റെ വിമർശനം.