സിനിമ- സീരിയൽ നടൻ ദീലീപ് ശങ്കറിനെ ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീലിപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സീരിയൽ ലോകം. സഹപ്രവർത്തകന് ആദരാഞ്ജലികളർപ്പിച്ച് എത്തിയിരിക്കുകയാണ് സിമ. ജി നായർ . ഫേസ്ബുക്കിലാണ് വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അഞ്ച് ദിവസം മുൻപ് തന്നെ വിളിച്ചിരുന്നതായിരുന്നുവെന്നും എന്നാൽ സുഖമില്ലാതിരുന്നതിനാൽ അന്ന് സംസാരിക്കാൻ പറ്റിയില്ലെന്നും അവർ കുറിച്ചു.
” ആദരാഞ്ജലികൾ…5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ ..അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ല ..ഇപ്പോൾ ഒരു പത്രപ്രവർത്തകൻ വിളിച്ചപ്പോളാണ് വിവരം അറിയുന്നത് ..എന്താണ് ദിലീപ് നിനക്ക് പറ്റിയത് ..ഒന്നും പറ്റുന്നില്ലല്ലോ ഈശ്വരാ, എന്ത് എഴുതണമെന്നു അറിയില്ല …ആദരാഞ്ജലികൾ” സീമ. ജി.നായർ പറഞ്ഞു.
സീരിയൽ താരങ്ങൾ സ്ഥിരമായി താമസിക്കുന്ന വാന്റോസ് ജംഗ്ഷനിൽ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. നാല് ദിവസം മുൻപാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് പരിശോധിക്കുകയായിരുന്നു. കരൾ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.