ഹൈദരാബാദ്: പുഷ്പ -2 ന്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യ ഹർജി വിധിപറയാൻ മാറ്റി ഹൈദരാബാദ് ഹൈക്കോടതി. കേസ് കോടതി ജനുവരി 3 ന് വീണ്ടും പരിഗണിക്കും. പ്രതിഭാഗം അഭിഭാഷകന്റെയും എതിർ ഹർജി സമർപ്പിച്ച പൊലീസിന്റെയും വാദം കേട്ടശേഷമാണ് II അഡിഷണൽ മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി ഹർജി വിധിപറയാൻ മാറ്റിയത്. കേസിലെ പതിനൊന്നാം പ്രതിയാണ് അല്ലു.
ജാമ്യ ഹർജിയിൽ ഡിസംബർ 27 ന് താരം ഓൺലൈനായി കോടതിയിൽ ഹാജരായിരുന്നു . അതേസമയം ജാമ്യത്തെ എതിർത്ത് തെലങ്കാന പൊലീസ് എതിർ ഹർജി നൽകുകയായിരുന്നു. കേസിൽ ഡിസംബർ 13 ന് അറസ്റ്റിലായ താരത്തിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടർന്ന് വിട്ടയക്കുകയായിരുന്നു. എന്നാൽ പിന്നീട് താരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും
പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പുഷ്പ-2 ന്റെ പ്രീ-റിലീസിനിടെ അപ്രതീക്ഷിതമായി അല്ലു അർജുനും സംഘവുമെത്തിയിരുന്നു. താരത്തെ കാണാനെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന യുവതി മരിച്ചത്. ഇവരുടെ 12 വയസുള്ള മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.