ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിനെതിരെ അധിക്ഷേപ പരാമർശവുമായി മുതിർന്ന സിപിഎം നേതാവ് എം എം മണി. സാബുവിന് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു എം എം മണിയുടെ അധിക്ഷേപം. അദ്ദേഹത്തിന്റെ മരണത്തിൽ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയിലെ നയവിശദീകരണ യോഗത്തിലായിരുന്നു എം എം മണിയുടെ വിവാദ പ്രസംഗം.
” സാബുവിന്റെ മരണത്തിൽ സിപിഎമ്മിനോ കട്ടപ്പനയിലെ സിപിഎം മുൻ ഏരിയാ സെക്രട്ടറിയായിരുന്ന വി ആർ സജിക്കോ പങ്കില്ല. അതിനാൽ വഴിയേ പോകുന്ന വയ്യാവേലികൾ എടുത്ത് സിപിഎമ്മിന്റെ തലയിൽ കെട്ടിവച്ച് അതിന്റെ പാപഭാരം സിപിഎം ചുമക്കുമെന്ന് ആരും കരുതേണ്ട. അങ്ങനെയൊന്നും വീഴുന്ന പ്രസ്ഥാനമല്ല സിപിഎം എന്ന് മനസിലാക്കിക്കോളൂ..”- എം എം മണി പറഞ്ഞു.
സാബുവിന് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കണം. മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നും പരിശോധിക്കണമായിരുന്നു. ഇതില്ലാതെ എല്ലാ പാപങ്ങളും സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ നോക്കേണ്ട. അത്തരത്തിൽ വിരട്ടിയാൽ ഭയപ്പെടുന്ന പാർട്ടിയല്ല സിപിഎമ്മെന്നും എം എം മണി പറഞ്ഞു.
കടുത്ത അപമാന ഭാരത്താലാണ് നിക്ഷേപകനും വ്യാപാരിയുമായ സാബു ജീവനൊടുക്കിയത്. ഭാര്യയുടെ ചികിത്സാ ആവശ്യങ്ങൾക്കായി താൻ നിക്ഷേപിച്ച പണം പിൻവലിക്കാൻ ഇടതുഭരണ സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിൽ പോയപ്പോഴായിരുന്നു സംഭവം. സാബുവിനോട് ജീവനക്കാർ മോശമായി പെരുമാറുകയായിരുന്നു.
ഇതിന് പിന്നാലെ വി ആർ സജിയും സാബുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് കഴിഞ്ഞ 20 ന് രാവിലെ സാബുവിനെ ഇളയ മകൻ ബാങ്കിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ബാങ്ക് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.