തിരുവനന്തപുരം: കൊച്ചിയിലെ എൻസിസി ക്യാമ്പിൽ സൈനിക ഉദ്യോഗസ്ഥനെ ആക്രമിച്ചവർക്കെതിരെ കർശന നിയമ നടപടി വേണമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിലാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം ആവശ്യപ്പെട്ടത്.
സൈനിക സേവനത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച ഗുണ്ടകൾ നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷയർഹിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഇവരെ പ്രോസിക്യൂട്ട് ചെയ്യണം. പൊലീസിന്റെ അടിയന്തിര നടപടികൾ ഇക്കാര്യത്തിലുണ്ടാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
സർക്കാരും മുഖ്യമന്ത്രിയും അവരുടെ കടമ നിർവഹിക്കുന്നതിന് പകരം സമ്മർദ്ദ രാഷ്ട്രീയത്തിനടിപ്പെട്ട് കേസ് ഇല്ലാതാക്കാൻ ശ്രമിച്ചാൽ അതിനെതിരെ കോടതിയെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് നിയമം നടപ്പാക്കാനും യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും കഴിയുന്നില്ലെങ്കിൽ സർക്കാർ രാജിവെക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും സ്വന്തം കർത്തവ്യം ശരിയായി നിർവഹിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വശത്ത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മുതൽ ലോക്കൽ പൊലീസ് വരെയുള്ളവർ ഹമാസിന് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരണം നൽകുന്നു. മറുവശത്ത് പ്രകൃതി ദുരന്തങ്ങളിൽ നിന്നുപോലും ജനങ്ങളെ രക്ഷിക്കുകയും യൂണിഫോമിട്ട് രാജ്യത്തെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുന്നവർ ആക്രമിക്കപ്പെടുന്നു. ഇത് ലജ്ജാകരമാണെന്നും അവസാനിപ്പിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഈമാസം 23നായിരുന്നു എൻസിസി ക്യാമ്പിൽ സിപിഎം പ്രവർത്തകർ അതിക്രമിച്ചു കയറി അക്രമണം നടത്തിയത്. തൃക്കാക്കര കെഎംഎം കോളേജിൽ നടന്നുവന്ന എൻസിസി ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന ലഫ്. കേണൽ കർണൈൽ സിങ്ങിനെയാണ് ആക്രമിച്ചത്. ലഫ്. കേണലിന്റെ കഴുത്തിൽ അക്രമികൾ പിടിച്ചുവെച്ചിരിക്കുന്നതിന്റെയും അദ്ദേഹത്തെ പിടിച്ചുതള്ളുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസ് ഒടുവിൽ വ്യക്തമാക്കിയിരിക്കുന്നത്.
ക്യാമ്പിൽ ഭഷ്യവിഷബാധ ഉണ്ടായെന്ന പരാതിയിൽ ചില വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേ തുടർന്ന് കാര്യങ്ങൾ അന്വേഷിക്കാനെന്ന വ്യാജന ഇവിടെ എത്തിയ സിപിഎം പ്രവർത്തകരും നേതാക്കളും അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനിടെയാണ് സൈനിക ഉദ്യോഗസ്ഥനെയും കൈയ്യേറ്റം ചെയ്തത്. പെൺകുട്ടികളുടെ മുറിയിൽ കടന്ന് പരിശോധന നടത്തിയ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മിക്കെതിരെ നേരെത്തെ പോലീസ് കേസ് എടുത്തിരുന്നു.
സൈനിക ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ പരാതി നൽകിയെങ്കിലും പ്രതികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് വീഡിയോ ദൃശ്യങ്ങളുടെ ചുവടുപിടിച്ച് അന്വേഷണം ആരംഭിച്ചത്.