ന്യൂഡൽഹി; എല്ലാ ഭാരതീയർക്കും പുതുവർഷ ആശംസകൾ നേർന്ന് രാഷ്ട്രപതിയും ഉപരാഷ്‌ട്രപതിയും. രാജ്യത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും പുതുവർഷ ആശംസകൾ നേരുന്നതായി രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പുതിയ വർഷം പുതിയ പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും പുതിയ അഭിലാഷങ്ങളുടെയും തുടക്കമാകട്ടെയെന്ന് രാഷ്‌ട്രപതി ആശംസിച്ചു.
നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റാനായി നവ ഊർജ്ജത്തോടെ മുന്നോട്ടു കുതിക്കാനുള്ള അവസരം കൂടിയാണ് പുതുവർഷം നൽകുന്നതെന്ന് രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു. പുതുവർഷത്തെ സന്തോഷത്തോടെയും ആവേശത്തോടെയും വരവേൽക്കാമെന്നും രാജ്യത്തെ ഐക്യത്തിന്റെയും മികവിന്റെയും പാതയിലൂടെ മുന്നോട്ടുനയിക്കാമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
വികസിത് ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഘട്ടത്തിൽ നമ്മുടെ ഭരണഘടനാ നിർമാതാക്കളുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ വേണ്ടി സ്വയം സമർപ്പിക്കേണ്ട സമയമാണിതെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ആശംസാ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
സാമൂഹികസൗഹാർദ്ദവും സ്വാശ്രയത്വവും പൗരധർമ്മവും സംബന്ധിച്ച നമ്മുടെ പ്രതിജ്ഞ പുതുക്കേണ്ട സമയമാണ് പുതുവർഷമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സുസ്ഥിര ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയാണ് വേണ്ടതെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
രാജ്യത്തെ മുന്നിലെത്തിക്കാനായി നിശ്ചയദാർഢ്യത്തോടെ ജനാധിപത്യമൂല്യങ്ങളെ മുറുകെപ്പിടിച്ച് മുന്നേറാമെന്ന് പറഞ്ഞാണ് ജഗ്ദീപ് ധൻകർ ആശംസാ സന്ദേശം അവസാനിപ്പിക്കുന്നത്.