തൃശൂർ; ന്യൂ ഇയർ ആശംസ പറയാഞ്ഞതിന് 22 കാരനെ കുത്തിവീഴ്ത്തി കാപ്പ കേസ് പ്രതി. തൃശൂർ മുള്ളൂർക്കരയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആറ്റുർ സ്വദേശി സുഹൈബിനെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഞ്ചാവ് കേസിൽ ഉൾപ്പെടെ പ്രതിയായ ഷാഫി എന്ന യുവാവ് ആണ് ആക്രമിച്ചത്. 24 തവണയാണ് സുഹൈബിനെ കുത്തി പരിക്കേൽപിച്ചത്. ഇന്നലെ അർദ്ധരാത്രിയിലായിരുന്നു സംഭവം. ഷാഫിയും മറ്റ് കുറച്ചുപേരും ബസ് സ്റ്റോപ്പിൽ ഇരിക്കുന്നത് കണ്ട സുഹൈബ് ബൈക്ക് നിർത്തി എല്ലാവരോടും ഹാപ്പി ന്യൂ ഇയർ പറഞ്ഞു. ഷാഫിയോട് മാത്രം പറഞ്ഞില്ല. ഇതിൽ പ്രകോപിതനായാണ് അക്രമം നടത്തിയത്.
കുത്തേറ്റ സുഹൈബ് തൃശൂർ മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്. ഷാഫി ലഹരി ഉപയോഗിച്ചിരുന്നോ എന്നുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. തൃശൂർ നഗരത്തിലെ പാലസ് റോഡിന് സമീപം പുതുവർഷത്തലേന്ന് ഒൻപതാം ക്ലാസുകാരന്റെ ആക്രമണത്തിൽ തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) കൊല്ലപ്പെട്ടതിന്റെ നടുക്കം മാറും മുൻപാണ് തൃശൂരിൽ വീണ്ടും അക്രമ പരമ്പരകൾ റിപ്പോർട്ട് ചെയ്യുന്നത്.