തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പികെ ശശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പുതുവത്സരാശംസകൾ അറിയിച്ചുള്ള പോസ്റ്റിലാണ് വിമർശനം. 2024 പലർക്കും സുന്ദരകാലം ആയിരുന്നുവെന്നും അവരെ കാത്തിരിക്കുന്നത് മഹാദുരന്തമാണെന്നും കുറിപ്പിൽ പറയുന്നു. താൻ വിമർശിച്ചത് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവരെയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് പികെ ശശി.
പാർട്ടി ഫണ്ട് വക മാറ്റിയത് ഉൾപ്പെടെ വിവിധ സാമ്പത്തിക ക്രമക്കേടുകളിൽ ശക്തമായ നടപടി നേരിട്ട മുൻ എംഎൽഎ പികെ ശശി ഇതാദ്യമായാണ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചത്. പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് പ്രസ്ഥാനത്തെ വെള്ളപുതപ്പിച്ചുവെന്നും, കൂടെ നിന്ന് കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട എന്നുൾപ്പടെ പോസ്റ്റിൽ എഴുതിയിട്ടുണ്ട്. എന്നാൽ പാർട്ടിയെ മറയാക്കി അവിശുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവരെയാണ് ഉദ്ദേശിച്ചതെന്നും, പാർട്ടി നേതൃത്വത്തെ വിമർശിക്കുകയാണെങ്കിൽ അത് പാർട്ടി ഫോറത്തിലായിരിക്കുമെന്നും ശശി പ്രതികരിച്ചു.
അതിനിടെ മണ്ണാർക്കാട് ഏരിയയിൽ ഉൾപ്പെടുന്ന കുമരംപുത്തൂർ, കോട്ടോപ്പാട് ലോക്കൽ സെക്രട്ടറിമാർ ശശിക്ക് മറുപടിയുമായി രംഗത്തെത്തി. സമാനമായ രീതിയിൽ ഫെയ്സ്ബുക്ക് കുറുപ്പിലൂടെയാണ് ഇവർ ശശിക്ക് മറുപടി നൽകിയത്. പ്രസ്ഥാനത്തിന് മുന്നിൽ വ്യക്തികൾക്ക് പ്രസക്തിയില്ല, ഒരിക്കലും തിരിച്ചുവരാത്ത തകർച്ചയിലേക്ക് അമർന്നടങ്ങിയത് തിരിച്ചറിയുന്നില്ല, വിരട്ടലും വിലപേശലും കള്ളക്കച്ചവടങ്ങളും ഇല്ലാതാക്കിയ വർഷമാണ് 2024 എന്നും ഇവരുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ എഴുതിയിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപാണ് ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിൽ നിന്നും നീക്കിയത്. അതേസമയം കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്നും ഇതുവരെ മാറ്റിയിട്ടില്ല.