തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ നിർമാണ ചുമതല ഊരാളുങ്കലിന് നൽകാൻ തീരുമാനം. രണ്ട് ടൗൺഷിപ്പുകൾ ഊരാളുങ്കൽ നിർമിച്ചുനൽകും. 750 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നിർമാണത്തിന്റെ മേൽനോട്ടം കിഫ്ബിയുടെ നേതൃത്വത്തിലുള്ള കിഫ്കോൺ എന്ന ഏജൻസിക്കായിരിക്കും. ഇന്നുനടന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
1,000 സ്ക്വയർ ഫീറ്റുള്ള വീടുകളായിരിക്കും നിർമിക്കുക. ഭാവിയിൽ പുനർനിർമാണം നടത്താനും കൂടുതൽ വികസിപ്പിക്കാനും സാധിക്കുന്ന വിധത്തിലായിരിക്കും വീടുകളുടെ നിർമാണം. രണ്ട് ടൗൺഷിപ്പുകളും ഒരേസമയം പൂർത്തിയാകുന്ന വിധത്തിൽ നിർമാണം നടത്തുമെന്നാണ് സർക്കാരിന്റെ ഉറപ്പ്. വീടുവച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തവരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും സർക്കാർ അവകാശപ്പെടുന്നു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിനെ അതിജീവിക്കുകയും ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുകയും ചെയ്ത ദുരന്തബാധിതർക്ക് വേണ്ടിയാണ് ടൗൺഷിപ്പുകൾ ഉയരുക. രണ്ടുനില കെട്ടിടം പണിയുന്നതിന് പാകമായ അടിത്തറയാകും വീടുകൾക്ക് നിർമിക്കുകയെന്ന് സർക്കാർ വ്യക്തമാക്കി. വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് നിർമാണത്തിന്റെ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ഏൽപ്പിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുമ്പോൾ വീണ്ടും ഇഷ്ടക്കാർക്ക് തന്നെ കരാർ നൽകിയെന്ന വിമർശനവും ഉയരുന്നുണ്ട്.