വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിൽ ലാസ് വെഗാസിലുള്ള ഹോട്ടലിനു പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 7 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഹോട്ടലിന്റെ കവാടത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിനാണ് തീപിടിച്ചത്.
കൊളറാഡോയിൽ വാടകയ്ക്കെടുത്ത ട്രക്ക് ബുധനാഴ്ച സ്ഫോടനത്തിന് രണ്ട് മണിക്കൂർ മുമ്പ് രാവിലെയാണ് നഗരത്തിലെത്തിയതെന്നു പോലീസ് പറഞ്ഞു. ഹോട്ടലിന് മുന്നിൽ ഗ്ലാസ് കവാടത്തിന് സമീപം പാർക്ക് ചെയ്ത വാഹനം പുകയാൻ തുടങ്ങി, തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
ട്രക്കിനുള്ളില്‍ സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോണ്‍ മസ്ക് പറഞ്ഞു. ലാസ് വെഗാസ് സ്ഫോടനവും ന്യൂ ഓർലിയാൻസിൽ ബുധനാഴ്ച രാവിലെ നടന്ന ആക്രമണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു എന്നാൽ അത്തരം ബന്ധങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ജോ ബൈഡൻ അറിയിച്ചു . ടെസ്ല സ്ഫോടനം ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് വിശ്വസിക്കുന്നതായി എഫ്ബിഐയും പ്രാദേശിക പോലീസും പറഞ്ഞു.
അപകടത്തില്‍ സൈബര്ട്രക്കിനുള്ളിലുണ്ടായിരുന്ന ഒരാള്‍ മരിച്ചതായി ലാസ് വെഗാസ് മെട്രോപൊളിറ്റന്‍ പൊലീസിലെയും ക്ലാര്‍ക്ക് കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെയും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തില്‍ നിസാര പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
ന്യൂ ഓർലീൻസിൽ ജനക്കൂട്ടത്തിലേക്ക് ഒരു ട്രക്ക് ഓടിച്ചുകയറ്റിയ ഷംസുദ്ദീൻ ജബ്ബാർ എന്നയാൾ കുറഞ്ഞത് 15 പേരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇത്.