കൊല്ലം: അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം നാടുവിട്ട പ്രതി അഖിലിന് തെല്ലും കുറ്റബോധമില്ലെന്ന് പൊലീസ്. പണം നൽകാത്തതിനാലാണ് പ്രതി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് ശ്രീനഗറിൽ നിന്ന് കാെടും ക്രിമിനിലിനെ പിടികൂടിയത്. കുണ്ടറ സിഐ വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഏറെ പണിപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തത്.
ലഹരിക്ക് അടിമയായ പ്രതി ആദ്യം തലയ്‌ക്കടിച്ച് വീഴ്‌ത്തുന്നത് സ്വന്തം മുത്തച്ഛൻ ആന്റണിയെയാണ്. ശേഷം ഇയാൾ വീട്ടിൽ ഭക്ഷണമുണ്ടാക്കി. ഇതെടുത്ത് നൽകാൻ വിളിച്ചുവരുത്തിയ അമ്മ പുഷ്പ ലതയെ പതിയിരുന്ന് ചുറ്റിക കൊണ്ട് ആക്രമിച്ചു. നിലത്തുവീണ അമ്മയുടെ മരണം ഉറപ്പാക്കാൻ ഇവരുടെ മുഖത്ത് ഉളികൊണ്ട് തുടരെ കുത്തി മുറിവേൽപ്പിച്ചു. റൂറൽ എസ്‍പി സാബു മാത്യൂവാണ് പ്രതിയുടെ ക്രൂരതകൾ വിവരിച്ചത്.
രണ്ടു കൊലപാതകത്തിനുശേഷം ടിവി വെച്ച് പാട്ട് ആസ്വദിച്ച ശേഷമാണ് ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.ഉച്ചയ്‌ക്ക് രണ്ടിനും മൂന്നും ഇടയ്‌ക്കാണ് കൊല നടത്തിയത്. വൈകിട്ട് ആറുവരെ വീട്ടിൽ പാട്ടുകേട്ട് ഉല്ലസിച്ച ശേഷമാണ് ഇയാൾ നാടുവിട്ടത്. പൊലീസ് വലിയ വെല്ലുവിളികളെയും പ്രതികൂല കാലാവസ്ഥയും മറികടന്നാണ് അഖിലിനെ പിടികൂടിയത്. കൊല്ലത്ത് എത്തിച്ച പ്രതിയെ റിമാന്റ് ചെയ്തു. ഇയാളെ തെളിവെടുപ്പിനും മറ്റുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.