കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ പ്രവചിച്ച് യൂട്യൂബിലൂടെ വിദ്യാർത്ഥികൾക്ക് പറഞ്ഞുനൽകുക മാത്രമാണ് ചെയ്തതെന്നുമാണ് ഷുഹൈബിന്റെ വാദം. എന്നാൽ എംഎസ് സൊലൂഷൻസ് സിഇഒയ്ക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് ശക്തമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം വിദ്യാഭ്യാസ വകുപ്പിലേക്ക് കൂടി വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് പദ്ധതിയിടുന്നുണ്ട്. ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, കേസിൽ എന്തുകൊണ്ട് വിദ്യാഭ്യാസ വകുപ്പിനെ പ്രതി ചേർത്തില്ലെന്ന് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിലേക്കും അന്വേഷണം നീട്ടാൻ തീരുമാനിച്ചത്.
ഷുഹൈബിനോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. പ്രവചിച്ചതാണെന്ന വാദത്തിൽ ഷുഹൈബ് ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും ചോദ്യപേപ്പർ ചോർന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അതിനാൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പിന്തുണയില്ലാതെ മുഹമ്മദ് ഷുഹൈബിന് ഇത് സാധിക്കില്ലെന്നും അന്വേഷണ സംഘം കരുതുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഷുഹൈബിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനുള്ള നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. ഇതിന് ശേഷം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തേക്കും.
കേസിൽ കടുത്ത നടപടിയിലേക്ക് ക്രൈംബ്രാഞ്ച് കടന്നിരുന്നു. ഷുഹൈബിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. കാനറാ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എസ്ബിഐ അക്കൗണ്ടിൽ 24 ലക്ഷം രൂപ ഉണ്ടായിരുന്നു. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത എംഎസ് സൊലൂഷൻസിലെ അദ്ധ്യാപകർക്കെതിരെയും നടപടി ശക്തമാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.