എറണാകുളം: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷാവിധിയിൽ പൂർണതൃപ്തരല്ലെന്ന് കൊലപ്പെട്ട യുവാക്കളുടെ കുടുംബം. ആദ്യ എട്ട് പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും നാല് സിപിഎം നേതാക്കൾക്കും ഇരട്ടജീവപര്യന്തം കിട്ടണമായിരുന്നെന്നും കൃപേഷിന്റെ സഹോദരി പ്രതികരിച്ചു.
“ശിക്ഷാവിധിയിൽ പൂർണതൃപ്തരല്ല ഞങ്ങൾ. പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചിട്ടില്ല. എട്ട് വരെയുള്ള പ്രതികൾക്കെങ്കിലും വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഞങ്ങളുടെ വേദന ഞങ്ങൾക്ക് മാത്രമേ മനസിലാവുകയുള്ളൂ. പാർട്ടിയോട് സംസാരിച്ച് തീരുമാനം അറിയിക്കും.
“സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം മാത്രം തടവുശിക്ഷ ലഭിച്ചതിൽ വളരെയധികം സങ്കടമുണ്ട്. അവർക്കും ജീവപര്യന്തം കിട്ടണമായിരുന്നു. എംഎൽഎമാരുടെ ശിക്ഷയുമായി സംബന്ധിച്ച് പാർട്ടിയുമായി ആലോചിച്ച് അപ്പീൽ നൽകുന്നതിനെ കുറിച്ച് തീരുമാനമെടുക്കും. സിപിഎം നേതാക്കൾക്കും ജീവപര്യന്തം ശിക്ഷ കിട്ടുന്നതിന് ഏതറ്റം വരെയും പോവുമെന്നും” കുടുംബം പ്രതികരിച്ചു.
കേസിലെ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചത്. മുൻ ഉദുമ എംഎൽഎ കെ വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.