ന്യൂഡൽഹി: 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ ഭരണകക്ഷിയായ ആംആദ്മി സർക്കാരിനെ രൂക്ഷമായി കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ പരോക്ഷമായി വിമർശിച്ച അദ്ദേഹം കഴിഞ്ഞ പത്ത് വർഷമായി രാജ്യതലസ്ഥാനത്തെ ഒരു ദുരന്തം ബാധിച്ചിരിക്കുന്നുവെന്നും പറഞ്ഞു. അണ്ണാ ഹസാരെയെ മറയാക്കി സത്യസന്ധതയില്ലാത്ത ചിലർ ഡൽഹിയെ ആപത്തിലേക്ക് തള്ളിവിടുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
“ഇവർ വികസനത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു.. ഈ ആം ആദ്മി സർക്കാർ ഡൽഹിയെ ബാധിച്ച ദുരന്തമാണ്. എന്നാൽ ഡൽഹിയിലെ വോട്ടർമാർ ഇത്തവണ തലസ്ഥാനത്തെ ഈ ദുരന്തത്തിൽ നിന്നും മോചിപ്പിക്കും” മോദി പറഞ്ഞു. അശോക് വിഹാറിലെ രാംലീല ഗ്രൗണ്ടിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിഷിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ ആദ്യം അഴിമതി നടത്തുകയും പിന്നീട് അത് പിടിക്കപ്പെടുമ്പോൾ അഴിമതിയെ മഹത്വവത്കരിക്കുകയും ചെയ്യും. കെജ്‌രിവാളിന്റെ കോടികൾ ചിലവഴിച്ച് നിർമ്മിച്ച ആഡംബര ഭവനത്തെയും മോദി വിമർശിച്ചു. ” എനിക്കും വേണമെങ്കിൽ ഒരു കൊട്ടാരം നിർമ്മിക്കമായിരുന്നു. പക്ഷെ മോദി ഒരിക്കലും തനിക്കായി വീട് പണിതിട്ടില്ല. എന്നാൽ പാവപ്പെട്ടവർക്കായി 4 കോടിയിലധികം വീടുകൾ നിർമ്മിച്ചിട്ടുണ്ടെന്നും രാജ്യത്തിന് നന്നായി അറിയാം,” പ്രധാനമന്ത്രി പറഞ്ഞു. 2025 ദേശീയ തലസ്ഥാനത്തെ ഭരണത്തിന് പുതിയ ദിശ നൽകുമെന്നും അതിനായി ആംആദ്മിയെ പുറത്താക്കി ബിജെപിയെ കൊണ്ടുവരണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യാർത്ഥിച്ചു.