ടെസ്റ്റ് കരിയർ ഏറെക്കുറെ അവസാനിച്ച രോഹിത് ശർമയുടെ ഏകദിന കരിയറിനും തിരശീല വീണേക്കും. താരത്തിന്റെ നായക പദവി ഏകദിനത്തിൽ നിന്നും നഷ്ടമായേക്കുമെന്ന് സൂചന. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിൽ ക്യാപ്റ്റൻ രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. രോഹിത് സ്വയം മാറിനിന്നതാണെന്ന് വിശദീകരിക്കുമ്പോഴും പരിശീലകന്റെ ഇടപെടലാണ് കാരണമെന്നതാണ് യാഥാർത്ഥ്യം. 31 റൺസായിരുന്നു രോഹിത്തിന്റെ ടൂർണമെന്റിലെ സമ്പാദ്യം.
അതേസമയം പുറത്തുവരുന്ന പുതിയ വിവരം പ്രകാരം രോഹിത് ശർമയുടെ ഏകദിനത്തിലെ നായക സ്ഥാനവും നഷ്ടമായേക്കുമെന്നാണ്. പാകിസ്താനിലും യുഎഇയിലുമായി നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ പുതിയ നായകൻ നയിക്കുമെന്നാണ് സൂചന. ഹാർദിക്കിനെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഓൾറൗണ്ടർ എന്ന നിലയിലെ താരത്തിന്റെ പരിചയ സമ്പത്തും സമ്മർദ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് പട്ടികയിലെ ആദ്യ പേരുകാരനായിക്കിയത്. അതേസമയം പരിഗണിക്കുന്ന മറ്റൊരാൾ ശുഭ്മാൻ ഗില്ലാണ്. അതേസമയം താരത്തിന് ഇന്ത്യയെ നയിക്കാനുള്ള പക്വത കൈവന്നിട്ടില്ലെന്നതാണ് വെല്ലുവിളിയായ ഘടകം. സൂര്യകുമാർ യാദവിന് ഏകദിനത്തിൽ കാര്യമായ സംഭാവനകളില്ലാത്തതും തിരിച്ചടിയാണ്.