തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികൾക്കുള്ള ഭക്ഷണ പന്തൽ പുത്തരിക്കണ്ടം മൈതാനത്തിലാണ് തയ്യാറാകുന്നത്. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല. ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ. രാത്രി (ജനുവരി 3) ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിക്കുന്നത്.
വിദ്യാർത്ഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉൽപന്ന സമാഹരണം നടത്തി കലവറ നിറയ്ക്കുന്ന പരിപാടി തുടരുകയാണ്. പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കലവറ മന്ത്രി വി.ശിവൻകുട്ടി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അടിയന്തര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടർമാരുടെ സേവനവും, ആംബുലൻസും എല്ലാ വേദികളിലും ഒരുക്കിയിട്ടുണ്ട്. എല്ലാ വേദിയിലും കുടിവെള്ള വിതരണത്തിനായി സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. വേദികളിലും, താമസ സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹരിത കർമ്മസേനയുടെ സേവനം ലഭ്യമാകും.
സ്കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിരുവനന്തപുരം എസ്.എം.വി. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ (ജനുവരി 3) 10 മുതൽ ആരംഭിച്ചു. 7 കൗണ്ടറുകളിലായി 14 ജില്ലകൾക്കും പ്രത്യേകം രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെൽപ്പ് ഡെസ്ക്കും ക്രമീകരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർത്ഥികളെ രജിസ്ട്രേഷൻ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും, ഭക്ഷണപന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് മേളയ്ക്കെത്തുന്ന വാഹനങ്ങളിൽ പ്രത്യേക തിരിച്ചറിയൽ കോഡുകളോട് കൂടിയ സ്റ്റിക്കറുകൾ പതിക്കും.
ജനുവരി 8-ന് വൈകിട്ട് 5 നാണ് സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടൊവിനോ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.