18 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കാൻ ഇനി രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാക്കാൻ ഇന്ത്യ. ഇത് നിർബന്ധമാക്കുന്ന ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, 2023-ന്റെ കരട് കേന്ദ്രം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. കരട് നിയമങ്ങളോടുള്ള എതിർപ്പുകളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നതായി ഐടി മന്ത്രാലയം (MeitY) വിജ്ഞാപനത്തിൽ അറിയിച്ചു. സർക്കാരിന്റെ സിറ്റിസൺ എൻഗേജ്‌മെൻ്റ് പ്ലാറ്റ്‌ഫോമായ MyGov.in വഴി ഇവ അറിയിക്കാം. 2025 ഫെബ്രുവരി 18-ന് ശേഷം അഭിപ്രായങ്ങൾ പരിഗണിക്കും.
നിയമപരമായ രക്ഷാകർതൃത്വത്തിന് കീഴിലുള്ള വൈകല്യമുള്ള കുട്ടികളുടെയും വ്യക്തികളുടെയും വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾക്ക് കരട് നിയമങ്ങൾ ഊന്നൽ നൽകുന്നു. രക്ഷാധികാരികളോ – വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങളോ പ്രായപൂർത്തിയാകാത്തവരുടെ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ തയാറാക്കുന്നതിന് മുൻപ് മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ സമ്മതം ഉറപ്പാക്കണം. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളും ശിശുക്ഷേമ സംഘടനകൾക്കും ചില ഇളവുകൾ നൽകിയേക്കും.