സിഡ്നി: സിഡ്നി ടെസ്റ്റിന്റെ രണ്ടാം ദിനം ഋഷഭ് പന്തിന്റെ ആക്രമണാത്മക ഇന്നിംഗ്സിന്റെ ബലത്തിൽ തകർച്ചയുടെ വക്കിൽ നിന്ന് കരകയറി ഇന്ത്യ. എന്നാൽ അഞ്ചാം ടെസ്റ്റിലും ആതിഥേയരായ ഓസ്‌ട്രേലിയയ്‌ക്കാണ് മുൻതൂക്കം. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 33 പന്തിൽ 61 റൺസ് നേടിയ പന്തിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 141 എന്ന നിലയിലാണ് . നിലവിൽ 145 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.
അതേസമയം രണ്ടാം ദിനം 9-1 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിനെ ഇന്ത്യ 181 ന് പുറത്താക്കിയിരുന്നു. ഇന്ത്യക്കായി പേസർ പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തിയപ്പോൾ നിതീഷ് റെഡ്ഡിയും ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയും 2 വീതം വിക്കറ്റുകൾ നേടി. അതേസമയം മത്സരത്തിനിടെ പരിക്ക് പറ്റി പുറത്തുപോയ ക്യാപ്റ്റൻ ബുമ്ര മൂന്നാം ദിനം തിരികെയെത്തുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ.
ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ് ഓർഡർ പതിവുപോലെ നിലയുറപ്പിക്കാൻ ബുദ്ധിമുട്ടി. 42 റൺസിന് 4 വിക്കറ്റെടുത്ത സ്കോട്ട് ബോളണ്ടാണ് ഓസീസ് ബൗളിങ്ങിന് മൂർച്ച കൂട്ടിയത്. 20 പന്തുകളിൽ 13 റൺസെടുത്ത കെ എൽ രാഹുലായിരുന്നു ബോളണ്ടിന്റെ ആദ്യ ഇര. സ്റ്റാർക്കിന്റെ പന്തുകൾ തുടരെ ബൗണ്ടറി കടത്തി തുടങ്ങിയ ജയ്‌സ്വാളിനെയും ബോളണ്ട് മടക്കി. 35 പന്തിൽ 22 റൺസ് നേടിയാണ് യുവ താരം മടങ്ങിയത്. കോലി ഒരിക്കൽ കൂടി നിരാശപ്പെടുത്തി. പരമ്പരയിൽ തുടർച്ചയായ എട്ടാം തവണയും ഓഫ് സ്റ്റംപ് ലൈനിന് പുറത്ത് കോലിക്ക് വിക്കറ്റ് നഷ്ടമായി. ബോളണ്ടിന്റെ പന്തിലാണ് കോലിയും പുറത്തായത്.
മുൻനിര വിക്കറ്റുകൾ അതിവേഗം വീണതോടെ ഇന്ത്യ വീണ്ടുമൊരു തകർച്ചയെ അഭിമുഖീകരിച്ചു. എന്നാൽ ഗില്ലിനുപിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്ത് തന്റെ തനത് ശൈലിയിൽ ഓസീസ് ബൗളർമാരെ ആക്രമിച്ച് കളിച്ചു. കഴിഞ്ഞ ടെസ്റ്റുകളിൽ മോശം ഷോട്ട് തെരഞ്ഞെടുപ്പുകളുടെ പേരിൽ പഴികേട്ട താരം ഇത്തവണ 6 ഫോറും 4 സിക്സുമടങ്ങുന്ന അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ വിമർശകരുടെ വായടപ്പിച്ചു.