എറണാകുളം: താരസംഘടനയായ അമ്മ ഭാരവാഹികളുടെ കൂട്ടരാജിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഹൃദയം കൊണ്ട് വിജയിപ്പിച്ച സംഘം വെറും വാക്ക് പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയിയെന്നും ആ സംഘം അമ്മയെ മുന്നോട്ട് നയിക്കാൻ വീണ്ടും വരണമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അമ്മയുടെ കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആറ് മാസം മുമ്പ് നമ്മൾ ഹൃദയം കൊണ്ട് വോട്ട് കൊടുത്ത് വിജയിപ്പിച്ചവരാണ് സംഘടനയിൽ നിന്നും ഇറങ്ങിപോയത്. അവർ തിരിച്ചുവന്ന് അമ്മയെ നയിക്കണം. ഇതൊരു അപേക്ഷയല്ല, ആജ്ഞയാണ്. പുതിയ തലമുറയിലുള്ളവരും നേതൃനിരയിലേക്ക് വരണം. സംഘടനയെ ശക്തമായി നയിക്കാൻ പ്രാപ്തരായവർ മുന്നോട്ട് വരണം”.
“1 കോടി 65 ലക്ഷം രൂപയാണ് കുടുംബ സംഗമത്തിലൂടെ അമ്മ സമാഹരിച്ചിരിക്കുന്നത്. ഇനി മുന്നോട്ടുള്ള വഴിയിൽ ശക്തമായി തന്നെ സംഘടനയോടൊപ്പം ഉണ്ടായിരിക്കും. അമ്മ എന്ന പേര് ഈ സംഘടനയ്‌ക്ക് നൽകിയത് മുരളിച്ചേട്ടനാണ്. അത് എന്നും അങ്ങനെ തന്നെയായിരിക്കും. അമ്മ എന്ന് തന്നെയാണ് അത് ഉച്ചരിക്കേണ്ടത്. പുറത്തുള്ള മുതലാളിമാർ പറയുന്നത് ഒരിക്കലും ഞങ്ങൾ അംഗീകരിക്കില്ല. (A.M.M.A) ഞങ്ങൾക്ക് ഈ സംഘടന എന്നും അമ്മയാണ്’.
ഒരുപാട് പേരുടെ ഹൃദയകൂട്ടായ്മയാണ് അമ്മ. ചില കാരണങ്ങളാൽ ഈ സംഘത്തിൽ നിന്ന് ഞാനും മാറിനിന്നിട്ടുണ്ട്. പക്ഷേ, മാറി വൃതിചലിച്ചിട്ടില്ല. സംഘടനയുടെ അന്തസിനെതിരെ ഒരക്ഷരം പോലും സംസാരിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.