തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം ദിനം വേദികൾ അടക്കിവാണത് നൃത്ത മത്സരങ്ങൾ. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം അങ്ങനെ എല്ലാം അനന്തപുരിയുടെ ഹൃദയത്തിൽ ലാസ്യമോഹന ഭാവങ്ങൾ പകർന്നു. പിന്നെ ഒപ്പനയുടെ മൊഞ്ചും.
പ്രധാന വേദിയായ എംടി നിളയിൽ (സെൻട്രൽ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക് ആദ്യമത്സരമായ മോഹിനിയാട്ടം ആരംഭിച്ചിരുന്നു, 14 ജില്ലകളിൽ നിന്നും അപ്പീൽ ഉൾപ്പടെ 23 മത്സരാർത്ഥികളാണ് പങ്കെടുത്തത്. നിറഞ്ഞ സദസിനു മുന്നിലാണ് മോഹിനികൾ ആടിത്തിമിർത്തത്.
വഴുതക്കാട് ഗവ. വിമൻസ് കോളേജിലെ പെരിയാർ വേദിയിലെ എച്ച് എസ് എസ് വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിൽ 5 ക്ലസ്റ്ററിലായി 11 അപ്പീലുകൾ ഉൾപ്പടെ 25 വിദ്യാർത്ഥിനികളാണ് അരങ്ങിലെത്തിയത്. അഭിനേത്രിയും നർത്തകിയുമായ ശ്രുതി ജയൻ, നർത്തകിമാരായ സാബവി ജഗദീഷ് , രേഷ്മ ജി എന്നിവരായിരുന്നു വിധികർത്താക്കൾ.
വേഷവിധാനങ്ങളിലും അവതരണത്തിലും ഒന്നിനൊന്ന് മികച്ചു നിന്നതായിരുന്നു കലോത്സവങ്ങളിലെ ജനപ്രിയ ഇനങ്ങളിലൊന്നായ സംഘനൃത്തവേദി. എം.ടി നിള സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംഘ നൃത്തത്തിൽ 4 ക്ലസ്റ്ററുകളിലായി 24 ടീമുകൾ പങ്കെടുത്തു.
സമകാലിക പ്രസക്തമായ വിഷയങ്ങൾ ഉൾപ്പെടെ മത്സരാർത്ഥികൾ അരങ്ങിലെത്തിച്ചു. വൈശാലി കല്ലിങ്ങൽ, കലാമണ്ഡലം ഗിരിജ രാമദാസ്, കലാമണ്ഡലം ബിന്ദു മോഹനൻ എന്നിവരായിരുന്നു സംഘനൃത്തവേദിയിലെ വിധികർത്താക്കൾ.
ഹയർ സെക്കന്ററി വിഭാഗം കഥകളി (ഗ്രൂപ്പ്) മത്സരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കല്ലടയാർ വേദിയിലാണ് നടന്നത്. 10 ഗ്രൂപ്പുകളാണ് പങ്കെടുത്തത്. പച്ച, മിനുക്ക് എന്നീ കഥകളി വേഷങ്ങളിൽ പ്രതിഭ തെളിയിച്ച കോട്ടക്കൽ സി.എം.ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ചിനോഷ് ബാലൻ, കലാമണ്ഡലം വൈശാഖ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധികർത്താക്കൾ.
ടാഗോർ തിയേറ്ററിലെ പമ്പയാർ വേദിയിലാണ് ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി അരങ്ങേറിയത്. 23 വിദ്യാർത്ഥിനികളാണ് പങ്കെടുത്തത്. പ്രശസ്ത കുച്ചിപ്പുടി കലാകാരി മധുരിമ നാർള, രേഖ സതീഷ്, രേഷ്മ യു രാജു എന്നിവരായിരുന്നു വിധികർത്താക്കൾ.
ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയിൽ നടന്ന ഹൈസ്കൂൾ വിഭാഗത്തിന്റെ മാർഗംകളി മത്സരം മത്സരാർത്ഥികളിലും കാണികളിലും ആവേശമുണർത്തി. 15 ടീമുകളെ നാല് ക്ലസ്റ്ററുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ പ്രശസ്ത കലാകാരൻമായ ഫ്രാൻസിസ് വടക്കൻ, സ്റ്റീന രാജ്, പ്രൊഫസർ വി. ലിസി മാത്യു എന്നിവർ വിധികർത്താക്കളായി.
രണ്ടാം വേദിയായ ‘പെരിയാറിൽ ‘ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഒപ്പന മത്സരത്തിൽ 4 ക്ലസ്റ്ററുകളിലായി 22 ഗ്രൂപ്പുകൾ പങ്കെടുത്തു. റഹ്മാൻ വാഴക്കാട് , ഒ.എം. കരുവാരകുണ്ട്, മുനീറ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികർത്താക്കൾ.