സിഡ്‌നി: അവസാന മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ബോർഡർ – ഗവാസ്‌കർ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഓസീസ് അനായാസം മറികടക്കുകയായിരുന്നു.
മത്സരത്തിനിടെ പരിക്കിന്റെ പിടിയിലായ ജസ്പ്രീത് ബുമ്രയുടെ അഭാവം ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സ് ബൗളിംഗിലുടനീളം പ്രകടമായിരുന്നു. പരമ്പരയിൽ മികച്ച ഫോമിൽ നിൽക്കുമ്പോഴായിരുന്നു ബുമ്രയ്‌ക്ക് പരിക്ക് മൂലം കളം വിടേണ്ടി വന്നത്. ബുമ്രയുടെ അഭാവത്തിൽ ഇന്ത്യയുടെ ബൗളിംഗ് മൂർച്ച നഷ്ടമായ കാഴ്ചയായിരുന്നു സിഡ്‌നിയിൽ കണ്ടത്.
മൂന്നാം ദിനത്തിൽ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലായിരുന്നു. 19 റൺസുമായി ഉസ്മാൻ ഖവാജയും അഞ്ച് റൺസുമായി ട്രാവിസ് ഹെഡ്ഡുമായിരുന്നു ക്രീസിൽ. സാം കോൺസ്റ്റാസ് (17 റൺസ്), മാർനസ് ലബുഷെയ്ൻ (6 റൺസ്) സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളായിരുന്നു ഓസീസിന് നഷ്ടമായത്.
45 പന്തിൽ നിന്ന് 41 റൺസെടുത്ത ഉസ്മാൻ ഖവാജയാണ് രണ്ടാമിന്നിംഗ്‌സിൽ ഓസീസിന്റെ ടോപ്പ് സ്‌കോറർ. ഖവാജ പുറത്തായ ശേഷം ക്രീസിലെത്തിയ വെബ്സ്റ്ററുമായി ചേർന്ന് ട്രാവിസ് ഹെഡ് ഓസീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ട്രാവിസ് ഹെഡ് പുറത്താകാതെ 38 പന്തിൽ 34 റൺസും വെബ്സ്റ്റർ പുറത്താകാതെ 34 പന്തിൽ 39 റൺസുമെടുത്തു. പ്രസിദ്ധ് കൃഷ്ണയാണ് രണ്ടാമിന്നിംഗ്‌സിൽ മൂന്ന് ബാറ്റർമാരെ പുറത്താക്കിയത്.
ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇന്നലെ കളി നിർത്തിയത്. മൂന്നാം ദിനത്തിൽ 45 മിനിറ്റുകൾ മാത്രമാണ് ഇന്ത്യൻ ബാറ്റർമാർക്ക് ക്രീസിൽ തുടരാനായത്. 157 റൺസിന് ഇന്ത്യയുടെ സ്‌കോർ അവസാനിച്ചു. 185 റൺസായിരുന്നു ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ. ഓസീസിനെ 181 റൺസിന് പിടിച്ചുകെട്ടാനായെങ്കിലും രണ്ടാമിന്നിംഗ്‌സിലും ബാറ്റർമാർ ദയനീയമായി പരാജയപ്പെട്ടതോടെയാണ് ഇന്ത്യ തോൽവിയിലേക്ക് നീങ്ങിയത്.
ഇന്ത്യയ്‌ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയ്‌ക്ക് ഇന്ത്യയുടെ നേരിയ സാദ്ധ്യതയായിരുന്നു ഈ പരാജയത്തോടെ അവസാനിച്ചത്. 3-1 നാണ് ഓസീസ് പരമ്പര നേടിയത്.