ചെന്നൈ: ഡിഎംകെ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സഖ്യകക്ഷിയായ സിപിഎം. പോലീസിനെ നിയന്ത്രിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുമെന്ന് സംശയിക്കുന്നതെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇതിന് മറുപടി നൽകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാനുള്ള അവകാശം പോലീസ് നിഷേധിക്കുമെന്നും സിപിഎം ആരോപിച്ചു.
അണ്ണാ സർവ്വകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഡിഎംകെ ഒഴികെയുള്ള കക്ഷികൾ നടത്തുന്ന സമരങ്ങൾക്ക് നിരന്തരമായി തമിഴ്നാട്ടിൽ അനുമതി നിഷേധിക്കപ്പെടുകയാണ്.
അഥവാ ഏതെങ്കിലും കക്ഷികൾപ്രതിഷേധവുമായി രംഗത്തിറങ്ങിയാൽ അതിന്റെ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയാണ്. ബിജെപിയുടെ വനിതാ നേതാക്കളെ വീട്ടുതടങ്കലിലാക്കുന്ന സാഹചര്യം പോലും ഉണ്ടായി. മറ്റു ദ്രാവിഡ കക്ഷികളുടെ വനിതാ നേതാക്കളെയും അറസ്റ്റ് ചെയ്യുകയോ വഴിയിൽ തടയുകയോ ചെയ്തു. ഖുശ്ബു അടക്കമുള്ള ബിജെപിയുടെ വനിതാ നേതാക്കളെ അറസ്റ്റ് ചെയ്തു കോഴിഫാം നടത്തുന്ന കെട്ടിടത്തിലായിരുന്നു പാർപ്പിച്ചത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
അണ്ണാ യൂണിവേഴ്സിറ്റി പീഡനത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം നടത്താനിരുന്ന നാമമാത്രമായ സമരപരിപാടികൾക്ക് പോലും ഡിഎംകെ സർക്കാർ അനുമതി നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വേറെ നിവൃത്തിയില്ലാതെ സിപിഎമ്മിനെ പ്രസ്താവന ഇറക്കേണ്ടി വന്നത്.
ഏതെങ്കിലും ഒരു സാഹചര്യം ഉണ്ടായാൽ ഭരണസഖ്യത്തിൽ ഉൾപ്പെട്ട പാർട്ടികൾക്കും പ്രതിപക്ഷത്തിനും സമരം നടത്താനും പ്രതിഷേധിക്കാനും അവകാശമുണ്ട് അതിനാൽ അവർക്കുവേണ്ടിയും ശബ്ദമുയർത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു.
“ഡിഎംകെയോട് ഞങ്ങൾ ആവശ്യപ്പെടുന്നത് ജനങ്ങൾക്ക് ക്ഷേമം എത്തിക്കുക എന്നതാണ്. എന്നാൽ ഒരു ചെറിയ പ്രതിഷേധത്തിനോ തെരുവ് യോഗത്തിനോ പോലും പോലീസ് ഞങ്ങൾക്കെതിരെ കുറ്റം ചുമത്തുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ഞാൻ ചോദിക്കുന്നു, നിങ്ങൾ തമിഴ്നാട്ടിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടോ?
“ഞങ്ങൾ ഒരു റാലി നടത്താൻ അനുമതി തേടിയെങ്കിലും അനുമതി നിഷേധിച്ചു. അതിനാൽ, റെഡ് വോളന്റിയർമാരുടെ റാലിക്ക് ഞങ്ങൾ അനുമതി ചോദിച്ചു, അതും അവസാന നിമിഷം നിരസിച്ചു. ജനങ്ങളിൽ നിന്നും അവർക്കൊപ്പം നിൽക്കുന്ന പാർട്ടിയിൽ നിന്നുമുള്ള വിയോജിപ്പുകളെ ഡിഎംകെ എന്തിന് ഭയക്കുന്നു? അത് ജനാധിപത്യ വിരുദ്ധമല്ലേ? ജനങ്ങളെ അവരുടെ അഭിപ്രായങ്ങൾ പറയാൻ അനുവദിക്കുകയും പ്രതിപക്ഷത്താണെങ്കിലും രാഷ്ട്രീയ സംഘടനകളെ അവരുടെ രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനത്ത് ജനാധിപത്യം ഉറപ്പാക്കണമെന്ന് ഞാൻ ഡിഎംകെ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു, ”ബാലകൃഷ്ണൻ പറഞ്ഞു.
വില്ലുപുരം മുനിസിപ്പൽ ഗ്രൗണ്ടിൽ സിപിഎം 24-ാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബാലകൃഷ്ണൻ.
സി.പി.എം കേന്ദ്ര കമ്മിറ്റി കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്, നേതാക്കളായ ബൃന്ദാ കാരാട്ട്, ജി.രാമകൃഷ്ണൻ, ബാലഭാരതി, യു.വാസുകി, എം.എ.ബേബി, എസ്.എ.പെരുമാൾ, മധുരൈ എം.പി എസ്.വെങ്കിടേശൻ, ടി.എൻ.സി.പി.എം സെക്രട്ടറി കെ. ബാലകൃഷ്ണൻ എന്നിവർ ത്രിദിന സമ്മേളനത്തിൽ പങ്കെടുത്തു.
സിപിഎമ്മിന്റെ ഈ പ്രസ്താവനയോടെ തമിഴ്നാട്ടിൽ നടക്കുന്ന ഏകാധിപത്യ പ്രവണതകളെ കുറിച്ചുള്ള ചർച്ചകൾ മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്.