ഫ്ലോറിഡ: രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ യുഎസ് സ്പ്രിന്റർ ഫ്രെഡ് കെർലിയെ അറസ്റ്റ് ചെയ്ത് പൊലീസ്. സൗത്ത് ഫ്ലോറിഡയിൽ വച്ച് പൊലീസുമായുണ്ടായ വാക്കേറ്റത്തെത്തുടർന്നാണ് അറസ്റ്റ്. ജനുവരി 2 ന് രാത്രിയായിരുന്നു സംഭവം. കെർലി പൊലീസുമായി തർക്കിക്കുന്നതിന്റെ ക്യാമറ ദൃശ്യങ്ങൾ മിയാമി ബീച്ച് പൊലീസ് പുറത്തുവിട്ടു.
കെർലി പൊലീസുകാരെ കയ്യേറ്റം ചെയ്യുകയും തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ ബലമായി കീഴ്പ്പെടുത്തുകയുമായിരുന്നു. പൊലീസുകാരിലൊരാൾ ടേസർ ഉപയോഗിച്ച് വെടിയുതിർത്തതോടെയാണ് അക്രമാസക്തനായ താരത്തെ പിടികൂടാനായത്. പാർക്ക് ചെയ്തിരുന്ന തന്റെ വാഹനം എടുക്കാനായി വന്ന കെർലിയെ പൊലീസ് തടയുകയായിരുന്നു. ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട നടപടികളിലായിരുന്നതിനാൽ മറ്റൊരു വഴിയിലൂടെ പോകാൻ നിർദേശിച്ച പൊലീസിനോട് കെർലി തർക്കിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.
പൊലീസുകാരെ കയ്യേറ്റം ചെയ്ത താരത്തെ നാല് ഉദ്യോഗസ്ഥർ ചേർന്നാണ് കീഴ്‌പ്പെടുത്തിയത്. ഇയാളെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയശേഷം മിയാമി ഡേഡ് കൗണ്ടി ജയിലിലേക്ക് മാറ്റി. 2020 ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്ററിൽ വെള്ളിമെഡലും 2024 ലെ പാരിസ് ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ വെങ്കലവും കെർലി നേടിയിരുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആറ് മെഡലുകളും നേടിയിട്ടുണ്ട്.
Very disturbing video of Olympic 100m bronze medalist and Benjamin Azamati’s training partner, Fred Kerley, getting manhandled by police in Miami. pic.twitter.com/x2xgnq2fSM
— Fentuo Tahiru Fentuo (@Fentuo_) January 3, 2025















