പ്രയാഗ്‌രാജ്: മഹാകുംഭമേളയ്‌ക്കെത്തുന്ന ഭക്തർക്ക് ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ആകെ 40 ബസുകളാണ് സർവീസ് നടത്തുക. കുംഭമേളയ്‌ക്ക് മുന്നോടിയായി 10 മുതൽ 15 വരെ ഇലക്ട്രിക് ബസുകൾ പുണ്യനഗരിയായ പ്രയാഗ്‌രാജിലേക്ക് സർവീസ് തുടങ്ങും. ജനുവരി 13 നാണ് മഹാ കുംഭമേള ആരംഭിക്കുന്നത്.
ജനുവരി 29 ന് നടക്കുന്ന പ്രധാന ഉത്സവമായ മൗനി അമാവാസ്യക്ക് മുന്നോടിയായി ലക്‌നൗവിലെ ആസ്ഥാനത്തുനിന്നും പ്രയാഗ്‌രാജിലേക്ക് 30 ഇലക്ട്രിക് ബസ് സർവീസുകൾ കൂടി ആരംഭിക്കും. ഭക്തരുടെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയും വിവിധ റൂട്ടുകളിലേക്ക് തടസമില്ലാത്ത ഗതാഗത സേവനങ്ങൾ നൽകുകയുമാണ് ലക്ഷ്യം.
സ്വിച്ച് മൊബിലിറ്റിയാണ് ബസുകൾ സർവീസിനായി വിന്യസിക്കുക. 12 മീറ്റർ നീളമുള്ള ഓരോ ബസിനും ഒറ്റച്ചാർജിൽ 200 കിലോമീറ്റർ ഓടാനാകും. നെഹ്‌റു പാർക്ക് , ബേല കച്ചാർ, ആൻഡവ എന്നിവയുൾപ്പെടെ പ്രയാഗ്‌രാജിലെ നാല് സ്ഥലങ്ങളിലാണ് ചാർജിംഗ് സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഫെയർ അഡ്മിനിസ്ട്രേഷനും പൊലീസും സംയുക്തമായാണ് ബസുകളുടെ റൂട്ടുകൾ തീരുമാനിച്ചത്. 11 റൂട്ടുകളിലേക്കാണ് സർവീസ് നടത്തുക. രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക്ക് ബസുകൾക്കൊപ്പം ഡബിൾ ഡക്കർ ബസുകളും അവതരിപ്പിക്കാനാണ് ഗതാഗത വകുപ്പിന്റെ പദ്ധതി.















