മുംബൈ: കഞ്ചാവുമായി മലയാളി യുവാവ് മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്നെത്തിച്ച 4.17 കിലോ കഞ്ചാവായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഇതിന് വിപണിയിൽ 4 കോടി രൂപയിലധികം വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
നോക് എയറിന്റെ ഡിഡി 938 എന്ന വിമാനത്തിലാണ് 26 കാരനായ മുഹമ്മദ് ബാങ്കോക്കിൽ നിന്നും മുംബൈയിലെത്തിയത്. വിമാനത്താവളം വഴി കഞ്ചാവ് കടത്തുന്നുണ്ടെന്ന് കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
മണ്ണില്ലാതെ ഉത്പാദിപ്പിച്ചെടുത്ത് (ഹൈഡ്രോപോണിക്) കഞ്ചാവായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നത്. വയറിൽ കഞ്ചാവ് കെട്ടിവച്ചായിരുന്നു ഇയാൾ ബാങ്കോക്കിൽ നിന്നും മുംബൈയിലെത്തിയത്. ഇതിനിടെ ട്രോളി ബാഗിലേക്കും യുവാവ് കഞ്ചാവ് മാറ്റിയിരുന്നു.
ചെറു പ്ലാസ്റ്റിക് ബാഗുകളിലായി കെട്ടിവച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കാസർകോട് സ്വദേശിയായ അഹമ്മദിനെത്തിച്ച കഞ്ചാവാണിതെന്നാണ് വിവരം. സുരക്ഷിതമായി കഞ്ചാവ് എത്തിക്കുന്നതിന് വൻ തുകയും പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നുവെന്ന് മുഹമ്മദ് മൊഴി നൽകി. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.