ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്നെന്ന് പരിക്കേറ്റ യാത്രക്കാരി. അപകടം സംഭവിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഡ്രൈവർ ബ്രേക്ക് പോയെന്ന് വിളിച്ച് പറഞ്ഞിരുന്നതായി അപകടത്തിൽ പരിക്കേറ്റ ശാന്ത പറഞ്ഞു. ഡ്രൈവറുടെ നിലവിളിക്ക് തൊട്ടുപിന്നാലെ ബസ് വളവിലെ കൊക്കയിലേക്ക് മറിഞ്ഞുവെന്നും അവർ ഓർത്തെടുത്തു.
“വണ്ടിയുടെ ബ്രേക്ക് പോയതാണ്. ബ്രേക്ക് പോയെന്ന് ഡ്രൈവർ പറയുന്നത് കേട്ടു. പെട്ടന്ന് വണ്ടി കുലുങ്ങി, കൊക്കയിലേക്ക് ചരിഞ്ഞു, പിന്നെ ഒന്നും ഓർമയില്ല,”ശാന്ത പറഞ്ഞു. അപകടത്തിൽ കൂടെയുള്ള മൂന്നുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ട ആശ്വാസത്തിലാണ് അവർ.
തഞ്ചാവൂർ പോയി മടങ്ങി വരുമ്പോഴാണ് അപകടം. കെഎസ്ആർടിസി നടത്തുന്ന ഉല്ലാസയാത്രയിൽ മുൻകൂട്ടി ബുക്ക് ചെയ്താണ് പോയത്. 34 പേരും മാവേലിക്കര സ്വദേശികളാണ്. എല്ലാവരും ഇതിനുമുൻപും കെഎസ്ആർടിസിയിൽ ഇത്തരം യാത്രകൾ പോയി പരിചയമുള്ളവരാണെന്നും ശാന്ത പറയുന്നു.
ഇടുക്കി പുല്ലുപാറയ്‌ക്ക് സമീപത്തുവച്ചുണ്ടായ അപകടത്തിൽ നാല് പേരാണ് മരണപ്പെട്ടത്. അരുൺ ഹരി, രമ മോഹനൻ, സംഗീത്, ബിന്ദു എന്നിവരാണ് മരിച്ചത്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയ്‌ക്കുള്ള റോഡിലെ വളവിൽ വച്ചാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. ബസ് ചെരിവിലെ മരങ്ങളിൽ കുടുങ്ങി നിന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.