ന്യൂഡൽഹി: കർണാടകയിൽ രണ്ട് പേർക്ക് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV) ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിക്കും എട്ട് മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് കേസുകൾക്കും അന്താരാഷ്‌ട്ര യാത്രാ പശ്ചാത്തലം ഇല്ലെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ (ICMR) നടത്തിയ പരിശോധന ഫലം പുറത്തുവന്നതോടെയാണ് മന്ത്രാലയം ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരെ ഐസിഎംആർ നിരന്തരം നിരീക്ഷിച്ച് വരികയാണ്.
ഇതിനിടയിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കുട്ടികളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളിൽ അസാധാരണമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ബ്രോങ്കാപ് ന്യൂമോണിയ ബാധയുമായാണ് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് ബെംഗളുരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത്. കുട്ടിയെ ഡിസ്ചാർജ് ചെയ്തു. ഇതേ ആശുപത്രിയിൽ തന്നെയാണ് എട്ട് മാസം പ്രായമുള്ള ആൺകുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബ്രോങ്കോപ് ന്യൂമോണിയയുമാണ് കുട്ടിയും ചികിത്സ തേടിയത്. കുട്ടി ചികിത്സയിൽ തുടരുകയാണ്. അന്താരാഷ്‌ട്ര യാത്രയുടെ ചരിത്രമില്ലാത്ത കുട്ടികളാണ് ഇവർ എന്നതാണ് ശ്രദ്ധേയം.
സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും അപ്‍ഡേറ്റുകൾ നൽകുന്നുണ്ട്.