ന്യൂഡൽഹി: കഴിഞ്ഞ ദിവസം അവസാനിച്ച ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പര ഇന്ത്യ 3-1 ന് തോറ്റതിനുപിന്നാലെ ടീമിന്റെ പരിശീലക സംഘത്തിനെതിരെ കടുത്ത വിമർശനവുമായി സുനിൽ ഗവാസ്‌കർ. സിഡ്‌നി ടെസ്റ്റിലെ തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്‌നങ്ങൾ അസ്തമിച്ചിരുന്നു. ഗൗതം ഗംഭീറിന്റെ പരിശീലക സംഘത്തെ ഗവാസ്കർ ചോദ്യം ചെയ്തു. കളിക്കാരെ സഹായിക്കാൻ പരിശീലകർ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ മോശം ബാറ്റിംഗ് പ്രകടനം ചൂണ്ടിക്കാട്ടിയ ഗവാസ്കർ ഭാവിയിലും ഇതേ പരിശീലകരെയാണോ ടീം നിലനിർത്താൻ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു.
“നിങ്ങളുടെ കോച്ചിംഗ് സ്റ്റാഫ് എന്താണ് ചെയ്യുന്നത്? ബാറ്റിംഗ് പരിശീലകനെ കുറിച്ച് ചർച്ചചെയ്യേണ്ടതുണ്ട്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരങ്ങൾ നോക്കൂ. എല്ലാവരും വളരെ കുറഞ്ഞ സ്കോറുകൾക്കാണ് പുറത്തായത്. എല്ലാ മത്സരങ്ങളും തോറ്റു. ഓസ്‌ട്രേലിയയിലും ഇതുതന്നെ സംഭവിച്ചു. ബാറ്റിങ്ങിൽ ശക്തിയില്ല,” ഗവാസ്കർ പറഞ്ഞു.
നല്ല പന്തുകൾ പോലും നേരിടാനാകാതെ വിഷമിക്കുന്ന ഇന്ത്യയുടെ സീനിയർ ബാറ്റർമാരെയാണ് ഓസ്‌ട്രേലിയയിൽ കണ്ടത്. ഈ ഒരു സഹചര്യത്തിൽ പരിശീലകർ ഇത് പരിഹരിക്കാൻ എന്ത് ചെയ്തു എന്നതാണ് കാര്യം. ചിലകളിക്കാർ ടീമിൽ തുടരണോ എന്നുള്ള ചോദ്യം ഉയരുമ്പോൾ ഈ പരിശീലക സംഘം ഭാവിയിൽ തുടരണോ എന്നതാണ് തന്റെ ചോദ്യമെന്നും ഗവാസ്കർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്ക് ഇനി 2-3 മാസങ്ങളാണ് അവശേഷിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയുട കാര്യം മാറ്റിവച്ചാൽ ഈ ടെസ്റ്റ് പരമ്പരയ്‌ക്ക് വേണ്ടി ഇന്ത്യ എന്ത് മുന്നൊരുക്കമാണ് നടത്തിയിട്ടുള്ളതെന്നും ഗവാസ്കർ ചോദിച്ചു.