ബെംഗളൂരുവിൽ മക്കളെ വിഷം നൽകി കൊന്ന ശേഷം ദമ്പതികൾ ജീവനൊടുക്കി. ബെംഗളൂരുവിലാണ് നടുക്കുന്ന സംഭവം. സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനൂപ് കുമാർ(38) എന്ന ടെക്കിയും ഭാര്യ രാഖിയുമാണ്(35) ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശികളാണ് ഇരുവരും. ബെംഗളൂരുവിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. അനൂപ് കുമാർ സ്വകാര്യ കമ്പനിയിലെ സോഫ്റ്റ്വയർ കൺസട്ടൻ്റായിരുന്നു.
തിങ്കളാഴ്ച രാവിലെ ജോലിക്കാരി വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും ആരുടെയും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയ ഇവർ അയൽക്കാരെ വിവരം അറിയിച്ചു. ഇവർ പൊലീസിനെയും. പൊലീസെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോളാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങിയ മരിച്ചതെന്നാണ് നിഗമനം. മൂത്ത കുഞ്ഞിന്റെ ശാരീരിക വൈകല്യത്തിൽ ദമ്പതികൾ മനോവിഷമത്തിലായിരുന്നു എന്നാണ് വിവരം. അനുപ്രിയ പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞായിരുന്നു. അതേസമയം കുടുംബം പുതുച്ചേരിയിലേക്ക് ഒരു അവധിയാഘോഷം പദ്ധതിയിട്ട് ബാഗുകൾ പാക്ക് ചെയ്തിരുന്നു. കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.