2025ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ് പേസർ മുഹമ്മദ് ഷമി. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനായ താരം ദീർഘകാലമായി തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ബോർഡർ ഗാവസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാൽ ഏതാനും മാസങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ സജീവമായ താരം ചാമ്പ്യൻസ് ട്രോഫിക്ക് പൂർണ സജ്ജനെന്ന് തെളിയിക്കുന്ന പരിശീലന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റ് ടീമായ ബംഗാളിനുവേണ്ടി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഷമി. ഇതിനായി കഠിനപരിശീലനത്തിലാണ് താരം. പരിശീലനത്തിനിടെ ഷമി പരിക്കേൽക്കാതിരിക്കാൻ നീ ക്യാപ്പ് ധരിക്കുന്നതും വീഡിയോയിൽ കാണാം. പരിക്കിൽ നിന്ന് മുക്തനായ താരത്തിന് ദൈർഘ്യമേറിയ സ്പെല്ലുകൾ ബൗൾ ചെയ്യാനാകുമോ എന്ന ആശങ്കയായിരുന്നു നിലനിന്നിരുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒമ്പത് മത്സരങ്ങൾ കളിച്ച ഷമി 11 വിക്കറ്റ് വീഴ്‌ത്തി. കണങ്കാലിലെ വീക്കത്തെ തുടർന്ന് വിജയ് ഹസാരെയുടെ ആദ്യ മത്സരങ്ങൾ നഷ്‌ടമായശേഷം തിരിച്ചെത്തിയ ഷമി ബിഹാറിനും മധ്യപ്രദേശിനുമെതിരായ മത്സരങ്ങളിൽ എട്ട് ഓവർ ബൗൾ ചെയ്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 17 പന്തിൽ 32 റണ്ണെടുത്ത ഷമി, വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരെ 34 പന്തിൽ 42 റൺസ് നേടി ബാറ്റിങ്ങിലും തിളങ്ങി. ഇതോടെ സെലക്ടർമാരുടെ ഫിറ്റ്നസ് ആശങ്കൾക്ക് താരം വിരാമമിട്ടു.
ജനുവരി 12നകം ചാമ്പ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റിക്ക് ഷമിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള സമയമായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ ടീമിൽ മാറ്റങ്ങൾ വരുത്താം. 2023 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു 34 കാരനായ ഷമി.
Precision, Pace, and Passion, All Set to Take on the World! 🌍💪 #Shami #TeamIndia pic.twitter.com/gIEfJidChX
— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) January 7, 2025