ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി കേന്ദ്രസർക്കാർ നീട്ടി. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ആവശ്യം ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഉന്നയിക്കുന്നതിനിടെയാണ് ആഭ്യന്തര മന്ത്രാലയം വിസ നീട്ടി നൽകിയത്. ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന്റേതാണ് നടപടി.
ജൂലൈയിലെ ആക്രമ സംഭവങ്ങളിലും കൊലപാതകങ്ങളിലും പങ്കുണ്ടെന്ന് ആരോപിച്ച് ഹസീനയുടെ പാസ്‌പോർട്ട് ചൊവ്വാഴ്ച ബംഗ്ലാദേശ് സർക്കാർ റദ്ദാക്കിയിരുന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മറവിൽ മതമൗലികവാദികൾ കലാപം അഴിച്ച് വിട്ടതിനെ തുടർന്ന് ഓഗസ്റ്റിലാണ് 77 കാരിയായ ഹസീന ഇന്ത്യയിൽ അഭയം തേടിയത്. ഇതിന് പിന്നാലെ ഹസീനയ്‌ക്കും മന്ത്രിമാർക്കും ഉപദേഷ്ടാക്കൾക്കും എതിരെ “മനുഷ്യത്വത്തിനും വംശഹത്യക്കും എതിരായ കുറ്റകൃത്യങ്ങൾ” ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. രാജ്യം വിട്ടതിന് പിന്നാലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഹസീനയ്‌ക്കെതിരെ 51 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യയ്‌ക്ക് നയതന്ത്രക്കുറിപ്പ് അയച്ചിരുന്നു. എന്നാൽ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിക്കുകയോ അനുകൂലമായി പ്രതികരിക്കുകയോ ചെയ്തിട്ടില്ല. 2013-ലാണ് ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറാനുള്ള ധാരണയിൽ ഒപ്പുവെച്ചത്. എന്നാൽ കുറ്റകൃത്യം രാഷ്‌ട്രീയ സ്വഭാവമുള്ളതാണെങ്കിൽ ആവശ്യം നിരസിക്കാമെന്ന് മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ വികാസ് സിംഗ് വാർത്ത ഏജൻസിയായ എൻഐഎയോട് വ്യക്തമാക്കിയിരുന്നു.