ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സിന്റെ ട്രെയിലർ എത്തി. ഇൻവെസ്റ്റിഗേഷൻ മോഡിലേക്ക് മാറുന്ന ചിത്രത്തിന്റെ ട്രെയിലറാണ് എത്തിയത്. ഡിറ്റക്ടീവ് ഡൊമിനിക്കിന്റെ സന്തതസഹചാരിയായി ഗോകുൽ സുരേഷുമുണ്ട്. നേരത്തെ ഫൺ മോഡിലുള്ള ഒരു ടീസർ റിലീസ് ചെയ്തിരുന്നു.
ലേഡീസ് പഴ്സിന് പിന്നാലെയുള്ള അന്വേഷണം മിസ്സിംഗ് കേസിലും കൊലപാതകത്തിലും എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കോമഡിയുടെ കൈപിടിച്ച് സഞ്ചരിക്കുന്ന ആക്ഷൻ- ത്രില്ലറാണ് ചിത്രമെന്നത് വ്യക്തം.
മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിർമിക്കുന്നത്. വിനീത്, ലെന,സിദ്ദിഖ്,വിജി വെങ്കടേഷ്,വിജയ് ബാബു,സുഷ്മിത ഭട്ട് എന്നിവരടക്കമുള്ള താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജനുവരി 23-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യ റിലീസുമാണ് ഗൗതം വാസുദേവ് മേനോൻ ചിത്രം.