മഹാരാഷ്‌ട്രയിലെ മൂന്ന് ഗ്രാമത്തിലുള്ളവർ വിചിത്രമായ ഒരു സംഭവത്തിൽ പരിഭ്രാന്തിയുടെ നടുവിലാണ്. പുരുഷന്മാരിലും സ്ത്രീകളിലും കുട്ടികളിലുമടക്കം പ്രായഭേദമന്യേ അസാധാരണമായ മുടികൊഴിച്ചിലാണ് ഇവിടെ പടരുന്നത്. 30 മുതൽ 40 പേർ വരെ മൊട്ടകളും കഷണ്ടിയുള്ളവരുമായി. ഇതിന്റെ കാരണം തേടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് തദ്ദേശ ഭരണകൂടം. ബുൽധാന ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലാണ് വിചിത്ര സംഭവുമുണ്ടായത്. ചില കേസുകളിൽ മുടി മുഴുവൻ കൊഴിഞ്ഞ് മൊട്ടകളായവരമുണ്ട്.
എന്തെങ്കിലും രോഗത്തിന്റെ ഭാഗമാണോ അതോ മറ്റ് എന്തെങ്കിലും ഘടകമാണോ പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം പുറത്തുവന്നതോടെ ജില്ലയാകെ ഭീതിയുടെ നിഴലിലാണ്. ഒരുകൂട്ടം ആൾക്കാർക്ക് പെട്ടെന്ന് മുഴികൊഴിച്ചിലുണ്ടായെന്ന റിപ്പോർട്ടുകൾ വന്നതോടെ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബോണ്ടഗാവ്, കാൽവദ്, ഹിംഗ്ന എന്നിവിടങ്ങിളിലെത്തി രോഗികളിൽ പരിശോധന ആരംഭിച്ചു.
ഇതിന്റെ കാരണം കണ്ടെത്താനാണ് പരിശോധന. കഴിഞ്ഞ ഞായറാഴ്ച മുതൽ മുടി കൊഴിച്ചിലുണ്ടെന്നും കൊഴിഞ്ഞ മുടി ബാഗിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഒരു വയോധിക പറഞ്ഞു. 10 ദിവസമായി മുടിയും താടിയും കൊഴിയുന്നുവെന്ന് ഒരു യുവാവും പറയുന്നു. മുടി കൊഴിഞ്ഞ ചിലർ തല മൊട്ടയടിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.