നെല്ലിക്ക ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ഒരുപോലെ പേരുകേട്ടതാണ്. നിരവധി ഔഷധ ഗുണങ്ങളടങ്ങിയ ഇവ ആയുർവേദമരുന്നുകളിലെയും സ്ഥിര സാന്നിധ്യമാണ്. ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിച്ച് പ്രഭാതം ആരംഭിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ നിങ്ങൾക്കുതന്നെ അനുഭവിച്ചറിയാം.
നെല്ലിക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കും. ഇത് അണുബാധകൾക്കും രോഗങ്ങൾക്കുമെതിരെ പോരാടാൻ ശരീരത്തെ സഹായിക്കുന്നു. ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങൾ നെല്ലിക്കയിലുണ്ട്. ഇത് ദഹനത്തെ സഹായിക്കും. മലബന്ധം, ശരീരവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും നെല്ലിക്ക ജ്യൂസ് ഉത്തമ പ്രതിവിധിയാണ്.
നെല്ലിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹമുള്ളവർ നെല്ലിക്ക ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കൂടാതെ നെല്ലിക്കാ ജ്യൂസ് നേർപ്പിച്ച് ലഘുഭക്ഷണത്തിന് ശേഷം കുടിക്കുന്നത് അസിഡിറ്റി മൂലമുള്ള നെഞ്ചെരിച്ചിൽ, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കയും.
നെല്ലിക്കയിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിനും ചർമ്മത്തിന്റെ ഇലാസ്തികത പ്രോത്സാഹിപ്പിക്കുന്നതിനും ചുളിവുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. നെല്ലിക്കാ ജ്യൂസ് ദിവസേന കുടിക്കുന്നവരുടെ ചർമ്മം കൂടുതൽ തിളക്കമുള്ളതായി മാറും. എന്നാൽ അതേസമയം നെല്ലിക്കയുടെ അസിഡിക് സ്വഭാവം പല്ലിന്റെ ഇനാമൽ നശിപ്പിക്കാൻ ഇടയാക്കും. അതിനാൽ ജ്യൂസ് കുടിച്ചശേഷം നിങ്ങളുടെ വായ സാധാരണ വെള്ളത്തിൽ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം.