വാഷിംഗ്ടൺ: അമേരിക്കൻ നിക്ഷേപകനും ശതകോടീശ്വരനുമായ ജോർജ്ജ് സോറോസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. പലസ്തീൻ ഭീകരവാദ സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന എൻജിഒകൾക്ക് സോറോസ് ഫണ്ട് നൽകുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മസ്കിന്റെ വിമർശനം.
“ജോർജ് സോറോസിന്റെ മനുഷ്യത്വത്തോടുള്ള വെറുപ്പിൽ ഇസ്രായേലും ഉൾപ്പെടുന്നു” എന്നായിരുന്നു മസ്കിന്റെ പരാമർശം. ഇസ്രയേലുമായുള്ള സംഘർഷത്തിനിടയിൽ ഹമാസിനെ പിന്തുണയ്‌ക്കുന്നതായി ആരോപിക്കപ്പെടുന്ന സർക്കാരിതര സംഘടനകകൾക്ക് സോറോസ് 15 മില്യൺ ഡോളർ നൽകിയെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേൽ അംബാസഡർ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ മസ്കും അനുകൂലിച്ചു.
സോറോസിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകാനുള്ള യുഎസ് പ്രസിഡൻ്റ് ജോ ബൈഡന്റെ തീരുമാനത്തെ അപലപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മസ്‌കിന്റെ ഏറ്റവും പുതിയ വിമർശനം. ജോ ബൈഡന്റെ തീരുമാനത്തെ മസ്‌ക് പരിഹാസ്യമെന്ന് വിശേഷിപ്പിച്ചു.
സോറോസ് ആഗോള രാഷ്‌ട്രീയത്തിൽ ഹാനികരമായ സ്വാധീനം ചെലുത്തുന്നുവെന്ന് ടെസ്‌ല സിഇഒ ആരോപിച്ചു. അദ്ദേഹം മനുഷ്യത്വത്തെ അടിസ്ഥാനപരമായി വെറുക്കുന്നുവെന്നും നാഗരികതയുടെ ഘടനയെ നശിപ്പിക്കാൻ സജീവമായി പ്രവർത്തിക്കുകയാണെന്നും മസ്‌ക് ഒരു പോഡ്കാസ്റ്റിൽ ആരോപിച്ചു. മറ്റൊരു ട്വീറ്റിൽ, മസ്‌ക് സോറോസിനെ നിരവധി സാങ്കൽപ്പിക വില്ലന്മാരോട് ഉപമിച്ചു. ഇതിൽ മാർവൽ യൂണിവേഴ്‌സിലെ മാഗ്നെറ്റോയും സ്റ്റാർ വാർസിലെ ചക്രവർത്തി പാൽപാറ്റൈനുമെല്ലാം ഉൾപ്പെടുന്നു.