തിരുവനന്തപുരം: റൺവേ നവീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം പകൽ അടച്ചിടും. ജനുവരി 14 മുതൽ മാർച്ച് 29 വരെയാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുക. അതിനാൽ ഈ ദിവസങ്ങളിൽ രാവിലെ ഒൻപത് മണിമുതൽ വൈകീട്ട് 6 മണിവരെ റൺവേ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
റൺവേയുടെ ഉപരിതലം പൂർണമായും മാറ്റി പുതിയവ സ്ഥാപിക്കുന്ന റീകാർപെറ്റിങ് പ്രവർത്തികളാണ് നടക്കുക. അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ നിർദേശിക്കുന്നത് പ്രകാരം റൺവേയ്‌ക്ക് ആവശ്യമായ ഘർഷണം ഉറപ്പാക്കിയാണ് നവീകരണം. വിമാനത്താവളം അടച്ചിടുന്ന സമയത്ത് വന്നുപോകുന്ന വിമാന സർവീസുകളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ സമയക്രമത്തെക്കുറിച്ച് വിമാനക്കമ്പനികൾ യാത്രക്കാർക്ക് വിവരം നൽകും.
തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേയ്‌ക്ക് 3374 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുണ്ട്. വിമാനമിറങ്ങുന്ന മുട്ടത്തറ പൊന്നറ പാലത്തിനടുത്തുള്ള റണ്‍വേ (32) മുതല്‍ ഓള്‍സെയിന്റ്സ് ഭാഗംവരെയാണ് (റണ്‍വേ-14) നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ ഹാലൊജന്‍ ലൈറ്റുകള്‍ ഉപയോഗിച്ചുള്ള എയര്‍ഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിങ് സംവിധാനങ്ങളെ എല്‍.ഇ.ഡി. യിലേക്ക് മാറ്റും. പുതിയ സ്റ്റോപ്പ് ബാർ ലൈറ്റുകളും സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.