ഭുവനേശ്വർ: 18-ാമത് പ്രവാസി ഭാരതീയ ദിവസിൽ ഒഡീഷയിലെ പ്രവാസി ഭാരതീയ എക്‌സ്‌പ്രസിന്റെ ഉദ്ഘാടന യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ഇന്ത്യൻ പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനാണിത്. വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും വൈദഗ്ധ്യമുള്ളതുമായ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ അറിയപ്പെടുമെന്ന് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പ്രധാനമന്ത്രി പറഞ്ഞു.
പ്രവാസികളെ ഇന്ത്യയുടെ സന്ദേശവാഹകരെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നൈപുണ്യവും വൈദഗ്ധ്യവുമുള്ള പ്രതിഭകൾക്കായുള്ള ലോകത്തിന്റെ ആവശ്യം നിറവേറ്റാൻ ഇന്ത്യക്കാകുമെന്നും കൂട്ടിച്ചേർത്തു. ചടങ്ങിൽ സംസാരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രാഷ്‌ട്രനിർമ്മാണത്തിൽ പ്രവാസികളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്ക് വികസന അവസരങ്ങൾ കൊണ്ടുവരാൻ പ്രവാസികൾ ഒരു പാലമായി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയുമായി ബന്ധപ്പെട്ട് നാല് എക്‌സിബിഷനുകൾ ഉദ്ഘാടനം ചെയ്ത മോദി കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രദർശനങ്ങളും പ്രമോഷണൽ സ്റ്റാളുകളും സന്ദർശിച്ചു. വിദേശകാര്യ മന്ത്രാലയവും ഒഡീഷ സർക്കാരും സംയുക്തമായാണ് 18-ാമത് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കുന്നത്. ‘വികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവന’ എന്നതാണ് ജനുവരി 8 മുതൽ ജനുവരി 10 വരെ നടക്കുന്ന കൺവെൻഷന്റെ പ്രമേയം.















