കുറഞ്ഞ ജനനനിരക്ക് പ്രതിസന്ധിയായി തുടരുന്നതിനിടെ നടപടികൾ ഊർജിതമാക്കി റഷ്യ. 25 വയസ്സിന് താഴെയുള്ള വിദ്യാർഥിനികൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ് റഷ്യൻ റിപ്പബ്ലിക്കായ കരേലിയ അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യമുള്ള കുഞ്ഞിന് ജന്മംനൽകുന്ന വിദ്യാർത്ഥിനികൾക്ക് മാസം ഒരു ലക്ഷം റൂബിൾ (ഏകദേശം 81,000 രൂപ) രൂപ നൽകുമെന്ന് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്തു. ശിശുമരണം വൈകല്യമുള്ള കുഞ്ഞുങ്ങളുടെ ജനനം എന്നിവ സംബന്ധിച്ച് ഇതിൽ പരാമർശമില്ല. പ്രസവിക്കുന്നത് ചാപിള്ളയാണെങ്കിൽ ഈ ബോണസ് കിട്ടില്ല.
അപേക്ഷകർ 25 വയസ്സിന് താഴെയുള്ള ഒരു പ്രാദേശിക സർവകലാശാലയിലോ കോളേജിലോ മുഴുവൻ സമയ വിദ്യാർത്ഥികളും കരേലിയയിലെ താമസക്കാരും ആയിരിക്കണം. 2025 ജനുവരി 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വന്നു.
വലിയ കുടുംബം എന്ന ആശയം പ്രസിഡന്റ് വ്ളാഡിമിർ പുടിൻ മുന്നോട്ടു വെച്ചെങ്കിലും ജനങ്ങൾ അതേറ്റെടുത്തില്ല. യുക്രെയിൻ യുദ്ധവും കുടിയേറ്റവും റഷ്യൻ ജനസംഖ്യയിൽ വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ വർഷം റഷ്യ രേഖപ്പെടുത്തിയത്. 2024 ന്റെ ആദ്യ പകുതിയിൽ, 599,600 കുട്ടികൾ മാത്രമാണ് രാജ്യത്ത് ജനിച്ച് വീണത്.