ബോർഡർ ഗാവസ്‌കർ പരമ്പരയ്‌ക്കിടെ ഇന്ത്യയുടെ സീനിയർ താരങ്ങളായ കോലിയോടും ബുംറയോടും കൊമ്പുകോർത്ത ഓസ്‌ട്രേലിയൻ ഓപ്പണർ സാം കോൺസ്റ്റസിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റീവ് ഹാർമിസൺ.19 കാരനായ താരം 10 ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ കളിച്ചേക്കില്ലെന്നും ഹാർമിസൺ പറഞ്ഞു.
ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലായിരുന്നു കോൺസ്റ്റസിന്റെ ടെസ്റ്റ് അരങ്ങേറ്റം. മെൽബണിലെ അരങ്ങേറ്റത്തിൽ തന്നെ ഫിഫ്റ്റി നേടിയ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടി. ലോക ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുമ്രയ്‌ക്കെതിരെ കോൺസ്റ്റസ് റാമ്പുകളും സ്‌കൂപ്പുകളും ഉൾപ്പെടെ നിരവധി ഷോട്ടുകൾ പുറത്തെടുത്ത് സീനിയർ താരങ്ങളുടെ പ്രശംസ നേടുകയും ചെയ്തു.
എന്നാൽ കോൺസ്റ്റസിന്റെ മികച്ച ബാറ്റിംഗ് കഴിവുകൾ ഹാർമിസൺ അംഗീകരിച്ചെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കെതിരെ ടെസ്റ്റിൽ ഓപ്പണറാകാൻ ആവശ്യമായ പ്രതിരോധ മികവ് കോൺസ്റ്റസിനുണ്ടോയെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഡേവിഡ് വാർണറുടെ ശൈലി അനുകരിക്കാനാണ് കോൺസ്റ്റസ് ശ്രമിക്കുന്നത്. എന്നാൽ സാങ്കേതികമായി വാർണറിന്റെ അടുത്തെങ്ങുമെത്താൻ യുവതാരത്തിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരെ രണ്ട് ടെസ്റ്റുകളിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്നായി 113 റൺസാണ് കോൺസ്റ്റസ് നേടിയത്. 81.88 സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ ശരാശരി 30-ൽ താഴെയായിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയയുടെ 16 അംഗ ടീമിൽ നഥാൻ മക്‌സ്വീനിക്കൊപ്പം കോൺസ്റ്റസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.















