തൃശൂർ: അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ. പറവൂർ ചേന്നമംഗലത്തുവച്ചാണ് സംസ്കാര ചടങ്ങുകൾ. ഇന്ന് രാവിലെ എട്ട് മണിക്ക് മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈനിലുള്ള തറവാട് വീട്ടിലേക്ക് കൊണ്ടുപോകും.10 മണിക്ക് തൃശൂർ സംഗീത നാടക അക്കാദമി ഹാളിലെ റീജണൽ തീയറ്ററിൽ പൊതുദർശനം നടക്കും.
നാളെ (11-01-2025) 9 മണിമുതൽ ചേന്ദമംഗലം പാലിയം തറവാട്ടിലെ പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാരം. വൈകീട്ട് മൂന്ന് മണിയോടെ പാലിയം തറവാട് ശ്‌മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.
നിരവധി അനശ്വര ഗാനങ്ങൾ സമ്മാനിച്ച മലയാളത്തിന്റെ ഭാവഗായകൻ 80-ാം വയസിൽ വിട പറഞ്ഞത്. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പി ജയചന്ദ്രൻ അന്തരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പതിനാറായിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹം സംഗീത ലോകത്തിന് സമ്മാനിച്ചത്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ച് തവണയും നേടിയിട്ടുണ്ട്. കലാകേരളത്തിന്റെ നാനാ മേഖലകളിൽനിന്നുള്ളവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ചു.