കന്യാകുമാരി: കേരളത്തിൽ നിന്ന് ഹോട്ടൽ മാലിന്യങ്ങളുമായി പോയ വാഹനങ്ങൾ പിടികൂടി തമിഴ്നാട് പൊലീസ്. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് പോയ ലോറികളാണ് പിടികൂടിയത്. അഞ്ച് മലയാളികൾ ഉൾപ്പടെ ഒൻപത് പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
അഞ്ച് ലോറികളിൽ മൂന്നെണ്ണം തമിഴ്നാട് സ്വദേശികളുടെയും രണ്ടെണ്ണം മലയാളികളുടേതുമാണ്. പാൻച്ചിമൂട് മലയോര ഹൈവേയിൽ വച്ച് കന്യാകുമാരി എസ്‍പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡാണ് ലോറികൾ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
തിരുവനന്തപുരത്തെ വൻകിട ഹോട്ടലുകളിൽ നിന്നുള്ള മാലിന്യവുമായി വരുന്നതിനിടെയാണ് ലോറികൾ പിടികൂടിയത്. മാലിന്യം കൊണ്ടുവരുന്നതിനുള്ള പെർമിറ്റോ ലൈസൻസോ വാഹനങ്ങൾക്ക് ഉണ്ടായിരുന്നില്ല. പ്രതികളെ റിമാൻഡ് ചെയ്ത് കന്യാകുമാരി ജയിലേക്ക് മാറ്റി.
തിരുവനന്തപുരത്തുള്ള ഏജൻ്റ് വഴിയാണ് ഹോട്ടലിലെ മാലിന്യങ്ങൾ എത്തിക്കുന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ ഏജൻ്റ് ലോറിയുടമയുമായി സംസാരിക്കും. ഇവരുടെ നിർദ്ദേശത്തെ തുടർന്നാണ് മാലിന്യം കന്യാകുമാരിയിലേക്ക് എത്തിക്കുന്നത്. പന്നി ഫാമുകളിലേക്കാണ് മാലിന്യമെത്തിക്കുന്നതെന്നാണ് വിവരം.
ആശുപത്രി മാലിന്യങ്ങൾ തള്ളിയത് വൻ വിവാദമായതിന് പിന്നാലെയാണ് ഹോട്ടൽ മാലിന്യവും തമിഴ്നാട്ടിൽ തള്ളുന്നത്. കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിൽ തള്ളാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് കന്യാകുമാരി എസ്‍പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാലിന്യവണ്ടികൾ പിടിക്കാൻ മാത്രമായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മാലിന്യവുമായി വരുന്ന വാഹനങ്ങളിൽ ഉള്ളവർക്കും ഉടമകൾക്കും എതിരെ കേസെടുക്കുമെന്നും എസ്പി അറിയിച്ചു.