ന്യൂഡൽഹി: ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയ സംവിധാനമാണ് ഇന്ത്യയുടെ UPI എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിഥികൾ എത്തുമ്പോൾ അവർ അത്ഭുതത്തോടെയാണ് UPI നോക്കുന്നത്. എങ്ങനെയാണ് UPI വർക്ക് ചെയ്യുന്നതെന്ന് ആശ്ചര്യത്തോടെ അവർ തിരക്കുന്നു. ഫിൻടെക്കിന്റെ ലോകത്ത് സാങ്കേതിക വിദ്യയെ എങ്ങനെ ജനാധിപത്യവത്കരിക്കാമെന്നതിന് വലിയ ഉദാഹരണമാണ് ഇന്ത്യ കാണിച്ചുനൽകിയതെന്നും നരേന്ദ്രമോദി പറഞ്ഞു. നിഖിൽ കമ്മത്തിന്റെ പോഡ്കാസ്റ്റിലായിരുന്നു മോദിയുടെ വാക്കുകൾ. ആദ്യമായാണ് ഒരു പോഡ്കാസ്റ്റ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുത്ത് സംസാരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഇന്ന് വെറും 30 സെക്കൻഡുകൊണ്ട് 100 ദശലക്ഷം കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ട്രാൻസ്ഫർ ചെയ്യാൻ എനിക്ക് സാധിക്കും. വെറും 30 സെക്കൻഡിൽ 130 ദശലക്ഷം സിലിണ്ടർ ഉപയോക്താക്കൾക്ക് സബ്സിഡി അയക്കാൻ എനിക്ക് സാധിക്കും. എന്തുകൊണ്ടാണ് ജൻ ധൻ അക്കൗണ്ട് നിലവിൽ വന്നതെന്ന് അറിയാമോ? അഴിമതി കാരണം ശതകോടികളാണ് അഴിമതിയിലൂടെ പലരും തട്ടിയെടുത്തത്. അതെല്ലാം ഇന്ന് ഇല്ലാതായിരിക്കുന്നു. സാങ്കേതികവിദ്യയെ മെച്ചപ്പെട്ട രീതിയിലാണ് ഇന്ന് ഉപയോഗിക്കുന്നത്. UPIലേക്ക് നോക്കിയാൽ, അത് ലോകത്തിനാകെ ഒരു അത്ഭുതമാണ്. സാങ്കേതികവിദ്യ ആധിപത്യം പുലർത്തുന്ന നൂറ്റാണ്ടാണിതെന്നും മോദി പറഞ്ഞു.