ന്യൂഡൽഹി: വേദനസംഹാരിയായ നിമെസൂളിഡ് (nimesulide) ഇന്ത്യയിൽ നിരോധിച്ചു. ജന്തുക്കളിൽ വേദനയും വീക്കവും കുറയ്‌ക്കുന്നതിന് വ്യാപകമായി ഉപയോഗിച്ചിരുന്ന നോൺ-സ്റ്റിറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി ഡ്രഗാണ് (NSAID) നിമെസൂളിഡ്. ഇത് പല ജീവിജാലങ്ങൾക്കും (പ്രത്യേകിച്ച് കഴുകൻമാർക്ക്) ദോഷം ചെയ്യുന്ന മരുന്നാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധിച്ചത്.
ഇന്ത്യയുടെ ഔദ്യോഗിക ഡ്രഗ് അതോറിറ്റിയായ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) പറയുന്നത് പ്രകാരം nimesulide എന്ന വേദനസംഹാരിയുടെ ഉപയോഗവും ഉത്പാദനവും വിപണനവും വിതരണവും വിലക്കിയിട്ടുണ്ട്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940, സെക്ഷൻ 26എ പ്രകാരമാണ് നിരോധനം. nimesulide പകരം വിപണിയിൽ ലഭ്യമായ സുരക്ഷിത ബദലുകൾ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കന്നുകാലികളിലും നായ്‌ക്കളിലുമൊക്കെ പ്രധാനമായി ഉപയോഗിക്കുന്ന വേദനസംഹാരിയാണ് nimesulide. കന്നുകാലികൾ ചത്തുകഴിയുമ്പോൾ ഇവയെ ആഹാരമാക്കുന്ന കഴുകന്മാരിലേക്കും മരുന്നിന്റെ അംശമെത്തുന്നു. ഇതുവഴി കഴുകന്മാരുടെ ജീവൻ ഭീഷണിയിലാകുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ മരുന്ന് ജന്തുക്കളിൽ ദോഷം ചെയ്യുമെന്ന് കണ്ടെത്തിയത്. മൃഗങ്ങളിൽ വൃക്ക തകരാർ ഉൾപ്പടെ പല പ്രത്യാഘാതങ്ങളും സൃഷ്ടിക്കാമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.
പരീക്ഷണത്തിന്റെ ഭാഗമായി ഹിമാലയൻ ഗ്രിഫോൺ കഴുകൻമാരിൽ ഗവേഷകർ മരുന്ന് പ്രയോഗിച്ചിരുന്നു. മരുന്നിന്റെ അംശം ശരീരത്തിൽ എത്തിയതോടെ കഴുകന്മാരിൽ യൂറിക് ആസിഡിന്റെ അളവ് ഉയർന്നു. വൃക്ക തകരാറിന് കാരണമാകുന്ന അളവിലാണ് കണ്ടെത്തിയത് എന്നുള്ളതിനാൽ കഴുകന്മാരുടെ ജീവന് തന്നെ ഭീഷണിയാകാം. ചത്ത കന്നുകാലികളാണ് പ്രധാന ഭക്ഷണമെന്നതിനാൽ ഇത് കഴുകന്മാർക്ക് വംശനാശ ഭീഷണി പോലും ഉയർത്തുന്നതിലേക്ക് നയിച്ചേക്കുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് മരുന്ന് നിരോധിച്ചത്.