ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അതിൽ പ്രേക്ഷകരുടെ ആകാംക്ഷ ഉയർത്തിയ വാർത്തയായിരുന്നു തമിഴ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രം ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നുവെന്ന വിവരം. എന്നാൽ ഇക്കാര്യം അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നില്ല. ഈ അഭ്യൂഹങ്ങൾക്കിടെ പ്രേക്ഷകർക്ക് സൂചന നൽകികൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നിർമാതാവ് ഷെരീഫ് മുഹമ്മദ്.
വിക്രമിനോടൊപ്പമുള്ള ചിത്രമാണ് ഷെരീഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘ചിയാൻ വിക്രമിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ കമന്റ്ബോക്സിൽ പ്രേക്ഷകരുടെ ചർച്ചയും തുടങ്ങി. ഉണ്ണി മുകുന്ദനും വിക്രമും ഒരുമിച്ചുള്ള ആക്ഷൻ രംഗങ്ങൾ കാണാൻ കാത്തിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.
മലയാളത്തിന് പുറമേ ഹിന്ദിയിലും തെലുങ്കിലും മികച്ച പ്രതികരണങ്ങൾ നേടി ബോക്സോഫീസിൽ കുതിക്കുകയാണ് മാർക്കോ. ഇതിനിടെ മാർക്കോയുടെ സക്സസ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഏപ്രിലിൽ മാർക്കോ കൊറിയയിൽ റിലീസ് ചെയ്യും. ബാഹുബലിക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണ് മാർക്കോ.